പാലയൂർ: പാലയൂർ മഹാതീർഥാടനത്തിനു മുന്നോടിയായുള്ള ബൈബിൾ കണ്വൻഷൻ അഭിഷേകാഗ്നി 15 മുതൽ 19 വരെ പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ നടക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരുക്കങ്ങൾ പൂർത്തിയായതായി തീർഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണന്പുഴ, സഹവികാരി ഫാ. നിതിൻ താഴത്ത്, കണ്വൻഷൻ കണ്‍വീനർ സി.ടി. സെബാസ്റ്റ്യൻ, കണ്‍വീനർ പി.ഐ. ലാസർ മാസ്റ്റർ, ട്രസ്റ്റി ഫ്രാൻസി ചൊവ്വല്ലൂർ എന്നിവർ അറിയിച്ചു.
വൈകീട്ട് അഞ്ചുമുതൽ ഒന്‍പതുവരെയാണു കണ്വൻഷൻ. 15,000 പേർക്ക് പങ്കെടുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. സംസണ് ക്രിസ്റ്റി എന്നിവർ ധ്യാനം നയിക്കും. ഞായറാഴ്ച വൈകീട്ട് 6.30നു ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്യും. 19ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സമാപനസന്ദേശം നൽകും.
പാലയൂർ മഹാതീർഥാടനത്തിന്റെ ഭാഗമായുള്ള മുഖ്യപദയാത്ര 22നു പുലർച്ചെ അഞ്ചിന് തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽനിന്നു പുറപ്പെടും. മാർ ആൻഡ്രൂസ് താഴത്ത് പേപ്പൽ പതാക കൈമാറി ഉദ്ഘാടനം ചെയ്യും. അതിനോടൊപ്പം വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉപപദയാത്രകൾ പാലയൂരിലേക്കു പുറപ്പെടും. 11.30ന് ആദ്യഘട്ടപദയാത്ര തീർഥകേന്ദ്രത്തിൽ എത്തിച്ചേരും. അന്നു രാവിലെ 6.30 മുതൽ വൈകീട്ട് അഞ്ചുവരെ തുടർച്ചയായി പാലയൂർ പള്ളിയിൽ ദിവ്യബലി ഉണ്ടായിരിക്കും. രാവിലെ എട്ടുമുതൽ നേർച്ചഭക്ഷണവിതരണം ആരംഭിക്കും. വൈകീട്ടുവരെ തുടരും. കാൽലക്ഷം പേർക്കാണു ഭക്ഷണം ഒരുക്കുന്നത്.
രണ്ടാംഘട്ട പദയാത്ര ഉച്ചകഴിഞ്ഞു രണ്ടിനു പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ നടക്കുന്ന ദിവ്യബലിക്കുശേഷം മൂന്നിനു പുറപ്പെടും. വികാരി ജനറാൾമാരുടെ നേതൃത്വത്തിൽ പാലയൂരിൽ രണ്ടാംഘട്ട പദയാത്ര എത്തിച്ചേരും. തുടർന്ന് നാലിനു മാർ ജേക്കബ് തൂങ്കുഴി നഗറിൽ നടക്കുന്ന പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ആന്റണി പൂല ഉദ്ഘാടനം ചെയ്യും. മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി വിശ്വാസപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് ബിഷപ്പുമാരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
ജനറൽ കണ്‍വീനർ ടി.ജെ. ഷാജു, തീർഥകേന്ദ്രം സെക്രട്ടറി ജോയ് ചിറമ്മൽ, കണ്‍വീനർ പി.ജെ. ജോഫി, പിആർഒ ജെഫിൻ ജോണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.