ശ്രീകൃഷ്ണപുരം (പാലക്കാട്): നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു സർക്കാർവിരുദ്ധ വികാരം ഉണ്ടായില്ലെങ്കിലും പ്രതീക്ഷിക്കാത്ത പരാജയം സംഭവിച്ചതായി മുൻമന്ത്രി പാലോളി മുഹമ്മദുകുട്ടി.
പരാജയകാരണങ്ങൾ സമഗ്രമായ പരിശോധനയിലൂടെ കണ്ടെത്തി തിരുത്തി മുന്നോട്ടുപോവാൻ പാർട്ടി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വവസതിയിൽ മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു പാലോളി.
പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻമാസ്റ്ററുടെ ഭാര്യ പി.കെ. ശ്യാമളയ്ക്കെതിരേ പാർട്ടിക്കകത്ത് എതിർപ്പുണ്ടെങ്കിൽ മാറ്റിനിർത്തണമായിരുന്നുവെന്നു പാലോളി അഭിപ്രായപ്പെട്ടു. ശ്യാമളയുടെ സ്ഥാനാർഥിത്വം ജനങ്ങൾക്കിടയിൽ തെറ്റായി സ്വാധീനിച്ചു. പയ്യന്നൂർവിഷയത്തിൽ ഗൗരവമായ ചർച്ച നടന്നില്ല. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉള്ള സ്ഥലങ്ങളിലും ഇല്ലാത്ത സ്ഥലങ്ങളിലും വലിയ പരാജയം ഉണ്ടായി.
പാർട്ടി വേദികളിൽ നിർഭയമായി അഭിപ്രായം പറയാം എന്ന ഗോവിന്ദൻമാസ്റ്ററുടെ പ്രസ്താവന അനാവശ്യമാണ്. പാർട്ടിക്കു പൊതുജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. മൊബൈലിലൂടെയാണ് ഇപ്പോഴുള്ള പാർട്ടിപ്രവർത്തനം. എൽഡിഎഫിന്റെ വോട്ട് ബിജെപിയിലേക്കു പോകുന്നതു ഗൗരവമായി പരിശോധിക്കപ്പെടണം. പിണറായി വിജയൻ തെറ്റുകൾക്ക് അതീതനല്ല. പിശകുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തണം.
പ്രതിപക്ഷനേതാവാകാൻ യോഗ്യൻ പിണറായിയാണ്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സെക്രട്ടറിക്കു പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും പാലൊളി പറഞ്ഞു.