മറയൂർ: മൂന്നാർ പഞ്ചായത്തിലെ തലയാർ തേയില എസ്റ്റേറ്റിലെ പാമ്പൻമല ഡിവിഷനിൽ വീണ്ടും കടുവയുടെ ആക്രമണം. പാമ്പൻ സ്വദേശി സെൽവന്റെ പശുവിനെ കടുവ ആക്രമിച്ചു. പാമ്പൻമല തേയിലത്തോട്ടത്തിനടുത്തുള്ള ബംഗ്ലാവിനു സമീപം മേയാൻവിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. ആക്രമണത്തിൽ പശു രക്ഷപ്പെട്ടെങ്കിലും കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
ഈ മേഖലയിൽ നേരത്തേ ഒരു കടുവയെ കൂടുവച്ച് വനംവകുപ്പ് പിടികൂടി തേക്കടിയിൽ ഇറക്കിവിട്ടിരുന്നു. അതിനുശേഷവും ആക്രമണങ്ങൾ തുടരുകയാണ്. ഏപ്രിൽ 19ന് കോഫി സ്റ്റോറിൽ തൊഴിലാളി കുമാർ കടുവയുടെ ആക്രമണത്തിൽനിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ജൂൺ 12ന് ചട്ടമൂന്നാറിൽ ശരവണന്റെ പശുവിനെ കടുവ ആക്രമിച്ചു കൊന്നു.
ഇതിനു മുമ്പ് ചട്ടമൂന്നാർ, കോഫിസ്റ്റോർ, പാമ്പൻമല മേഖലകളിൽ അൻപതിലധികം പശുക്കൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കടുവയെ പിടികൂടുന്നതിൽ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പു നൽകി.