ലണ്ടൻ: ലണ്ടനിൽ പൊതുസ്ഥലത്ത് പാൻ മസാല ചവച്ച് തുപ്പിയതിന് രണ്ട് ഇന്ത്യക്കാർക്ക് പിഴ. എഡ്ജ്വെയറിൽ താമസിക്കുന്ന അക്ഷിത് കുമാർ ഭദ്രേ പട്ടേൽ, റുയിസ്ലിപിലെ ഹിതേഷ് പട്ടേൽ എന്നിവർക്കാണ് പിഴ ചുമത്തിയത്.
1,391 പൗണ്ട് വീതമാണ് ഇരുവർക്കും പിഴ ചുമത്തിയത്. ഏകദേശം ഇന്ത്യൻ രൂപ 1.72 ലക്ഷം ആണ് പിഴ. പാൻ മസാല ചവച്ചുതുപ്പിയതിന് നേരത്തെ നൂറ് പൗണ്ട് വീതമാണ് ഇരുവർക്കും പിഴ ചുമത്തിയിരുന്നത്. എന്നാൽ പിഴ തുക അടയ്ക്കാതെ വന്നതോടെയാണ് പിഴ വർധിപ്പിച്ചത്.
കിംഗ്സ്ബെറി റോഡിലെ മെട്രോ സ്റ്റേഷന് സമീപത്താണ് അക്ഷിത് പട്ടേൽ പാൻമസാല ചവച്ചുതുപ്പിയത്. ഹിതേഷ് പട്ടേൽ വെംബ്ലി ഹിൽ റോഡിൽ പാൻമസാല ചവച്ച് തുപ്പുകയായിരുന്നു. എന്നാൽ ഇരുവരും കോടതിയിൽ ഹാജരാവുകയോ പിഴ അടയ്ക്കുകയോ ചെയ്തിരുന്നില്ല.
ഇതേ തുടർന്നാണ് പിഴത്തുക 1391 പൗണ്ടാക്കി ഉയർത്തിയത്. നടപ്പാതകളിലെയും കെട്ടിടങ്ങളിലെയും പാൻമസാലയുടെ കറകൾ വൃത്തിയാക്കാൻ വേണ്ടി മാത്രം ബ്രൈന്റ് സിറ്റി കൗൺസിൽ പ്രതിവർഷം 30,000 പൗണ്ട് ചെലവഴിക്കുന്നതായാണ് റിപ്പോർട്ട്.