കേരളത്തിന്റെ അധികാര വികേന്ദ്രീകരണ പരീക്ഷണം രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. എന്നാൽ ഈ വികേന്ദ്രീകൃത ഭരണസംവിധാനം പ്രവർത്തിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പുരീതി കാര്യമായി മാറിയിട്ടില്ല. പാലാ നഗരസഭയിലും മൂന്നിലവ് ഗ്രാമപഞ്ചായത്തിലുമുണ്ടായ സമീപകാല സംഭവവികാസങ്ങൾ ഒരു അടിസ്ഥാന ചോദ്യം ഉയർത്തുന്നു: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും നഗരസഭാ ചെയർപേഴ്സണെയും കൗൺസിലർമാർക്കിടയിൽനിന്ന് തെരഞ്ഞെടുക്കുന്ന നിലവിലെ രീതി തുടരണോ, അതോ അവരെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കണോ?
ഇത് തദ്ദേശഭരണത്തിന്റെ സ്ഥിരത, ഉത്തരവാദിത്വം, ജനാധിപത്യപരമായ നിയമസാധുത എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. നിലവിലെ സംവിധാനത്തിന് ഒരു പ്രധാന ജനാധിപത്യഗുണമുണ്ട്. തദ്ദേശസ്ഥാപനത്തിന്റെ രാഷ്ട്രീയ നേതൃത്വം കൗൺസിലിനോട് ഉത്തരവാദപ്പെട്ടിരിക്കുന്നു. എന്നാൽ, ഇതിന് ഘടനാപരമായ ദൗർബല്യവുമുണ്ട്. തദ്ദേശ സ്ഥാപനത്തെ നയിക്കുന്ന വ്യക്തിയുടെ സ്ഥാനം പലപ്പോഴും ജനങ്ങളുടെ വിധിയേക്കാൾ കൗൺസിലിലെ മാറിമറിയുന്ന കക്ഷിനിലപാടുകളെയും ഭൂരിപക്ഷ കണക്കുകളെയും ആശ്രയിച്ചിരിക്കുന്നു. ഭരണകാലയളവിന്റെ വീതംവയ്പും സ്ഥിരതയ്ക്കും ഭരണതുടർച്ചയ്ക്കും തടസമാകുന്നു.
നേരിട്ടുള്ള തെരഞ്ഞെടുപ്പ് എന്ത് മാറ്റും?
നിർദേശിക്കുന്ന രീതി ലളിതമാണ്: ജനങ്ങൾ പ്രസിഡന്റ്/ചെയർപേഴ്സണെയും കൗൺസിലിനെയും നേരിട്ട് തെരഞ്ഞെടുക്കുന്നു. ഇത്തരമൊരു സംവിധാനം ഭരണഘടനാപരമായി അസാധ്യമല്ല. ഗ്രാമപഞ്ചായത്ത് അധ്യക്ഷനെ എങ്ങനെ തെരഞ്ഞെടുക്കണമെന്നത് സംസ്ഥാന നിയമനിർമാണത്തിന് ഭരണഘടനയിൽതന്നെ ചില ഇളവുകളോടെ വിട്ടുകൊടുത്തിട്ടുണ്ട്. നഗരസഭാ ചെയർപേഴ്സണെ തെരഞ്ഞെടുക്കുന്ന രീതിയും സംസ്ഥാന നിയമത്തിന് നിർണയിക്കാവുന്നതാണ്.
കോർപറേഷൻ/മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ വോട്ടർമാർ മേയറെയും ചെയർപേഴ്സണെയും തെരഞ്ഞെടുക്കും. ഗ്രാമതലത്തിൽ നിലവിലുള്ള ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനു പുറമെ ഒരു വോട്ടുകൂടി രേഖപ്പെടുത്തേണ്ടിവരും. നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന് സ്വതന്ത്രമായ ജനാധിപത്യ ജനവിധി ഉണ്ടായിരിക്കും.
നേരിട്ടുള്ള തെരഞ്ഞെടുപ്പു മാത്രം മതിയാകില്ല
നേരിട്ടുള്ള തെരഞ്ഞെടുപ്പ് കൊണ്ടുവന്നശേഷവും ഇപ്പോഴത്തെ രീതിയിലുള്ള അവിശ്വാസപ്രമേയം നിലനിർത്തിയാൽ പ്രശ്നം പൂർണമായി പരിഹരിക്കപ്പെടില്ല.അതിനാൽ നേരിട്ടുള്ള തെരഞ്ഞെടുപ്പിനൊപ്പം അഞ്ചുവർഷത്തെ സംരക്ഷിത കാലാവധി വേണം. അഴിമതി, ഗുരുതരമായ നിയമലംഘനം, അയോഗ്യത, ഗുരുതരമായ ഭരണപരമായ വീഴ്ച തുടങ്ങിയ നിയമപരമായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ അധ്യക്ഷനെ സ്ഥാനത്തുനിന്ന് നീക്കാവൂ. രാഷ്ട്രീയ കാരണങ്ങളാൽ നീക്കം ചെയ്യാനുള്ള സംവിധാനം നിലനിർത്തണമെങ്കിൽ അത് ‘കൺസ്ട്രക്ടീവ് നോ-കോൺഫിഡൻസ്’ രീതിയിലാക്കാം. പ്രസിഡന്റിനെ നീക്കുമ്പോൾ അതോടൊപ്പം പകരം പ്രസിഡന്റിനെയും നിർദേശിക്കണം.
വ്യക്തി കേന്ദ്രീകൃത ഭരണം സൃഷ്ടിക്കുന്നതാകരുത്
നേരിട്ടുള്ള തെരഞ്ഞെടുപ്പിനെതിരേയുള്ള പ്രധാന വാദം അധികാരം ഒരാളിൽ കേന്ദ്രീകരിക്കുമെന്നതാണ്. ഇത് ഗൗരവമായി കാണേണ്ട ആശങ്കയാണ്. കൗൺസിലിന് ബജറ്റ് അംഗീകരിക്കൽ, വികസനപദ്ധതികൾ, പ്രധാന ചെലവുകൾ, ചട്ടങ്ങൾ, സ്റ്റാൻഡിംഗ് കമ്മിറ്റികൾ തുടങ്ങിയ കാര്യങ്ങളിൽ ശക്തമായ അധികാരം തുടരണം.
ഗ്രാമസഭകളും വാർഡ് സഭകളും ജനപങ്കാളിത്തത്തിന്റെ പ്രധാന വേദികളായി തുടരുകയും വേണം. നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്റെ ചുമതല പ്രധാനമായും രാഷ്ട്രീയ നേതൃത്വം നൽകുക, നയങ്ങൾ ഏകോപിപ്പിക്കുക, ഭരണനടപടികൾക്ക് ദിശ നൽകുക, തദ്ദേശ സ്ഥാപനത്തെ പ്രതിനിധീകരിക്കുക, ജനങ്ങളോട് രാഷ്ട്രീയ ഉത്തരവാദിത്വം വഹിക്കുക എന്നിവയായിരിക്കണം.
ഉത്തരവാദിത്വവും കൂടുതൽ വ്യക്തമായേക്കും
നിലവിലെ സംവിധാനത്തിലെ മറ്റൊരു പ്രശ്നം ഉത്തരവാദിത്വം ചിതറിപ്പോകുന്നതാണ്. നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഈ സ്ഥിതിക്ക് മാറ്റം വരുത്തും. സ്ഥാനാർഥി മുഴുവൻ വോട്ടർമാരുടെയും മുന്നിൽ ഒരു പരിപാടിയുമായി എത്തുകയും അഞ്ചുവർഷത്തിനുശേഷം ആ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ നേരിടുകയും ചെയ്യും.
ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത്/നഗരസഭാ അധ്യക്ഷന്മാർ ഒരു വാർഡിൽനിന്നാണ് ജയിച്ചുവരുന്നത്. അതിനാൽ പഞ്ചായത്തിലെ/നഗരസഭയിലെ മുഴുവൻ വോട്ടർമാരോടും ഉത്തരവാദിത്വം പുലർത്തുക എളുപ്പമല്ല.
സംവരണവും തുടരണം
നേരിട്ടുള്ള തെരഞ്ഞെടുപ്പ് സ്ത്രീകൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും നൽകുന്ന സംവരണത്തെ ദുർബലപ്പെടുത്താനും പാടില്ല. മറിച്ച്, നേരിട്ടുള്ള തെരഞ്ഞെടുപ്പ് സംവരണത്തെ കൂടുതൽ അർഥവത്താക്കാം. സംവരണ വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥിക്ക് ഏതാനും കൗൺസിലർമാരുടെ പിന്തുണ മാത്രമല്ല, മുഴുവൻ ജനങ്ങളുടെയും നേരിട്ടുള്ള ജനവിധി നേടാനാകും.
വികേന്ദ്രീകരണത്തിൽനിന്നുള്ള പിന്മാറ്റമല്ല
ഇതിനെ വികേന്ദ്രീകരണത്തിൽ നിന്നുള്ള തിരിച്ചുപോക്കായി കാണേണ്ടതില്ല. മറിച്ച്, വികേന്ദ്രീകരണത്തിന്റെ അടുത്ത ഘട്ടമായി കാണാം. കേരളത്തിന് മധ്യമാർഗം സ്വീകരിക്കാം: നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ ഭരണാധികാരി, തെരഞ്ഞെടുക്കപ്പെട്ട ശക്തമായ കൗൺസിൽ, സജീവമായ ഗ്രാമസഭകളും വാർഡ് സഭകളും, അഞ്ചുവർഷത്തെ സംരക്ഷിത കാലാവധി, എന്നാൽ, വ്യക്തമായ ഉത്തരവാദിത്വവും നീക്കം ചെയ്യാനുള്ള നിയമപരമായ സംവിധാനവും.
അന്താരാഷ്ട്ര അനുഭവം: ഇറ്റലിയിൽനിന്നുള്ള പാഠം
രാഷ്ട്രീയ അസ്ഥിരതയും പാർട്ടി ഇടപെടലുകളും കുറയ്ക്കുന്നതിനും തദ്ദേശ ഭരണത്തിന് സ്ഥിരതയും വ്യക്തമായ രാഷ്ട്രീയ ഉത്തരവാദിത്വവും നൽകുന്നതിനുമായി ഇറ്റലി 1993ൽ മേയർമാരുടെ നേരിട്ടുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു.
പരിഷ്കാരത്തിനുശേഷം തദ്ദേശ ഭരണത്തിൽ കൂടുതൽ സ്ഥിരതയും ശക്തമായ രാഷ്ട്രീയ നേതൃത്വവും ഉണ്ടായതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങൾ നേരിട്ടു തെരഞ്ഞെടുത്ത മേയറെ കൗൺസിലിന് എളുപ്പത്തിൽ പുറത്താക്കാൻ കഴിയാത്തവിധം മേയറുടെയും കൗൺസിലിന്റെയും കാലാവധി പരസ്പരം ബന്ധിപ്പിക്കാവുന്നതാണ് എന്നതാണ് ഇറ്റലിയുടെ മറ്റൊരു പ്രധാന പാഠം. മേയർ സ്ഥാനമൊഴിയേണ്ടിവന്നാൽ കൗൺസിലും പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നത് കൗൺസിലർമാരെ രാഷ്ട്രീയ ധാരണയ്ക്കും സ്ഥിരതയ്ക്കും പ്രേരിപ്പിക്കും.
പക്ഷേ, നേരിട്ടുള്ള തെരഞ്ഞെടുപ്പിന് രണ്ട് എതിർപ്പ് വരാം. ഒന്ന്, അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർ കഴിവ് തെളിയിച്ചാൽ തങ്ങൾക്കു ഭീഷണിയായേക്കുമെന്ന ആശങ്കയുള്ള എംഎൽഎമാരും എംപിമാരും. രണ്ട്, അവർ പാർട്ടിയുടെ വരുതിക്ക് നിൽക്കുമോ എന്ന ഭയം.
(മഹാത്മാഗാന്ധി സർവകലാശാലയിലെ ഗാന്ധിയൻ പഠന വകുപ്പ് മുൻ ഡയറക്ടറും ഗാന്ധി മാർഗ് ജേർണലിന്റെ ചീഫ് എഡിറ്ററുമാണ് ലേഖകൻ. Email: [email protected])
പാലായും മൂന്നിലവും നൽകുന്ന പാഠം
പാലാ നഗരസഭയിലെ സംഭവവികാസങ്ങൾ ഇതിന് വ്യക്തമായ ഉദാഹരണമാണ്. മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ സംഭവവികാസങ്ങൾ പ്രശ്നത്തെ കൂടുതൽ വ്യക്തമാക്കുന്നു. പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയം പരിഗണിക്കപ്പെടുന്നതിനു മുമ്പുതന്നെ അവർ രാജിവച്ചു. ഇവിടെയും പുതിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ജനങ്ങൾ തങ്ങളുടെ രാഷ്ട്രീയ നിലപാട് മാറ്റിയിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കിടയിലെ രാഷ്ട്രീയ പുനഃക്രമീകരണം മാത്രമാണ് തദ്ദേശ സ്ഥാപനത്തിന്റെ രാഷ്ട്രീയ നേതൃത്വത്തെ മാറ്റാൻ ഇടയാക്കിയത്. ഉദുമ, മൂപ്പൈനാട്, നാരങ്ങാനം തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലെ സംഭവവികാസങ്ങളും വ്യത്യസ്ത രൂപങ്ങളിൽ ഇതേ പ്രശ്നത്തിലേക്കാണ് വിരൽചൂണ്ടുന്നത്.