പൂവച്ചൽ: പൂവച്ചൽ പഞ്ചായത്തിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ബഡ്സ് സ്കൂളിന്റെ ഈ വർഷത്തെ അഫിലിയേഷൻ പുതുക്കാതെ നഷ്ടപ്പെടുത്തിയ ഭരണസമിതിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് എൽഡിഎഫ്, കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്തിന്റെ അടിയന്തര കമ്മിറ്റി ബഹിഷ്കരിച്ചു.
കഴിഞ്ഞ മാസമായിരുന്നു സ്കൂളിന്റെ അഫിലിയേഷൻ പുതുക്കേണ്ടിയിരുന്നത്. എന്നാൽ ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം കൃത്യസമയത്ത് അഫിലിയേഷൻ പുതുക്കാനായില്ല. ഇതിന്റെ ഫലമായി സ്കൂളിന്റെ അംഗീകാരം റദ്ദാക്കുന്ന അവസ്ഥയാണുണ്ടായത്. അഫിലിയേഷൻ നഷ്ടപ്പെട്ടതോടെ ഈ വർഷം ബഡ്സ് സ്കൂളിനു ലഭിക്കേണ്ടിയിരുന്ന പ്രധാന ഗ്രാൻഡുകളും വിദ്യാർത്ഥികൾക്കു ലഭിക്കേണ്ട മറ്റാനുകൂല്യങ്ങളും സാമ്പത്തിക സഹായങ്ങളും പൂർണമായും തടസപ്പെട്ടു.
അടിയന്തര യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ വിഷയം ഉന്നയിച്ചെങ്കിലും വ്യക്തമായ തീരുമാനം എടുക്കാൻ ഭരണസമിതി തയാറായില്ല. ഇതേ തുടർന്ന് എട്ട് എൽഡിഎഫ് വാർഡ് അംഗങ്ങളും നാലു കോൺഗ്രസ് അംഗങ്ങളും കമ്മിറ്റി ബഹിഷ്കരിച്ച് പുറത്തിറങ്ങുകയായിരുന്നു. തുടർന്ന്, ബാക്കിയുള്ള ആറു ബിജെപി അംഗങ്ങളെ മാത്രംവച്ച് കമ്മിറ്റിയിലെ അജണ്ടകൾ പാസാക്കിയെടുക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രമിച്ചു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഭാവിവച്ച് പന്താടുകയും അഴിമതികൾക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്ന ഭരണസമിതിയുടെ നിലപാടുകൾക്കെതിരെ വരുംദിവസങ്ങളിൽ ശക്തമായ ബഹുജന പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അംഗങ്ങൾ വ്യക്തമാക്കി.