മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് അംഗം സുനിമോള്‍ ചാക്കോയേയും വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് അംഗം ബേബിച്ചന് ഓലിക്കരയേയും മത്സരിപ്പിക്കാന്‍ മാടപ്പള്ളി മണ്ഡലം യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. 22 അംഗങ്ങളുള്ള മാടപ്പള്ളി പഞ്ചായത്തില്‍ യുഡിഎഫിലെ 14 അംഗങ്ങള്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് ഒമ്പത്, കേരള കോണ്‍ഗ്രസ് അഞ്ച് എന്നിങ്ങനെയാണ് യുഡിഎഫ് കക്ഷിനില.
സിപിഎം-രണ്ട്, കേരള കോണ്‍ഗ്രസ് എം-രണ്ട് എന്നിങ്ങനെ എല്‍ഡിഎഫിനും ബിജെപിക്കും നാലുവീതം അംഗങ്ങളാണുള്ളത്.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് യുഡിഎഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം മുഖ്യപ്രഭാഷണം നടത്തി. ആന്റണി കുന്നുംപുറം, അപ്പച്ചന്‍കുട്ടി കപ്യാരുപറമ്പില്‍, കെ.എ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.