ന്യൂഡൽഹി: സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം പാപ്പ റാവു വനത്തിൽനിന്ന് പുറത്തുവന്ന് ആയുധംവച്ചു കീഴടങ്ങി. ഛത്തീസ്ഗഡിലെ ബസ്തർ വനമേഖലയിൽനിന്ന് തന്റെ ഡസൻ കണക്കിന് അനുയായികൾക്കൊപ്പം ബിജാപുർ ജില്ലാ ആസ്ഥാനത്തെത്തിയാണ് കീഴടങ്ങിയത്. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും ഇവർ കൈമാറി.
മാവോയിസ്റ്റുകളെ തുടച്ചുനീക്കുന്നതിനായി സർക്കാർ നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സംഭവം. ദണ്ഡകാരണ്യ മേഖലയിൽ സജീവമായിരുന്ന പിടികിട്ടാപ്പുള്ളിയും മാവോയിസ്റ്റ് നേതാക്കളിൽ ഒരാളുമായ പാപ്പ റാവു.
2025 നവംബറിൽ ബിജാപുർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ആറ് മാവോയിസ്റ്റുകളിൽ പാപ്പ റാവുവിന്റെ ഭാര്യയും ഉൾപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുടെ ലോജിസ്റ്റിക് വിതരണത്തിന്റെ പ്രധാന ചുമതലക്കാരിയായിരുന്നു അവർ. പാപ്പ റാവുവിന്റെ തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പാപ്പ റാവുവിന്റെ കീഴടങ്ങലോടെ ദണ്ഡകാരണ്യയിലെ മാവോയിസ്റ്റ് നേതൃത്വം പൂർണമായും ഇല്ലാതായി. ഇനി മേഖലയിൽ പ്രധാന നേതാക്കളാരും സജീവമല്ലെന്നാണ് കരുതപ്പെടുന്നത്. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളെ പൂർണമായും ഉന്മൂലനം ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ വിജയ് ശർമ പറഞ്ഞു. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 31നാണ് സമയപരിധി നിശ്ചയിച്ചിരുന്നത്.