നാലു പതിറ്റാണ്ടുമുന്പ് കേരളത്തിന്റെ മണ്ണിൽ, യുവഹൃദയങ്ങളിൽ തെളിഞ്ഞ വിശ്വാസത്തിന്റെ ചെറുനാളം- ‘ജീസസ് യൂത്ത്’ ഇന്നു ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽ പ്രകാശം പകരുന്ന ആത്മീയ പ്രസ്ഥാനമായി വളർന്നു.
ആ യാത്രയ്ക്ക് സാക്ഷിയായി, ജീസസ് യൂത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത അപൂർവ നിമിഷമായിരുന്നു ഇന്നലെ. ലെയോ പതിനാലാമൻ മാർപാപ്പ, റോമിൽ നടന്നുവരുന്ന ജീസസ് യൂത്ത് അന്താരാഷ്ട്ര സമ്മേളനത്തിലെ പ്രതിനിധികളെ നേരിൽക്കണ്ട് സന്ദേശം നൽകുകയും ആശീർവദിക്കുകയും ചെയ്തു.
42 രാജ്യങ്ങളിൽനിന്നെത്തിയ പ്രതിനിധികൾക്കു ലഭിച്ച ഈ ‘പേപ്പൽ ഓഡിയൻസ്’, ജീസസ് യൂത്തിന്റെ നാലു പതിറ്റാണ്ടു നീണ്ട വിശ്വാസയാത്രയിലെ അവിസ്മരണീയ അധ്യായമായി. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സമ്മാനങ്ങൾ മാർപാപ്പയ്ക്കു കൈമാറി.
1985-ൽ കേരളത്തിൽ രൂപംകൊണ്ട ജീസസ് യൂത്ത്, യുവജനങ്ങളുടെ വിശ്വാസാനുഭവങ്ങളിലൂടെയും പ്രാർഥനയിലൂടെയും സുവിശേഷ പ്രഘോഷണത്തിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളരുകയായിരുന്നു. ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ മറികടന്ന്, വ്യത്യസ്ത രാജ്യങ്ങളിലെ യുവജനങ്ങളെ ക്രിസ്തുവിൽ ഒന്നിപ്പിക്കുന്ന പ്രസ്ഥാനമായി വളർന്നു.
റൂബി ജൂബിലിയുടെ ഭാഗമായി റോമിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം ഈ വളർച്ചയുടെ നേർസാക്ഷ്യവും വിശ്വാസയാത്രയുടെ ആഗോളവ്യാപ്തി വിളിച്ചോതുന്നതുമായി.