ഐച്ചി നഗോയ: പാരാ ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ എച്ച്എച്ച് വൺ വിഭാഗത്തിലാണ് മോണ അഗർവാളും അവനി ലേഖാരയും രാജ്യത്തിനായി ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കിയത്. മോണ അഗർവാൾ സ്വർണം നേടിയപ്പോൾ അവനി ലേഖാര വെള്ളി നേടി.
ഷൂട്ടിങ്ങിൽ ഒരേ ഇനത്തിൽ സ്വർണവും വെള്ളിയും ഇന്ത്യ നേടുന്നത് ചരിത്രത്തിലാദ്യമായാണ്. 250 പോയിന്റ് നേടിയാണ് മോണ സ്വർണത്തിലെത്തിയത്. 249.6 പോയിന്റുമായി അവനി വെള്ളി ഉറപ്പിച്ചു. ദക്ഷിണ കൊറിയയുടെ ലീ യുൻ ടി വെങ്കലം നേടി. പാരീസ് പാരാലിമ്പിക്സിൽ ഇതേ ഇനത്തിൽ മോണ അഗർവാൾ വെങ്കലം നേടിയിരുന്നു. ഷൂട്ടിംഗ് ലോകകപ്പിൽ മിക്സഡ് ടീം ഇനത്തിൽ വെള്ളിയും മോണ സ്വന്തമാക്കിയിട്ടുണ്ട്.
നേരത്തെ നടന്ന പുരുഷന്മാരുടെ ഇനത്തിൽ സ്വരൂപ് ഉൻഹാൽക്കർ നാലാം സ്ഥാനത്തെത്തി. പാരാ-ആർച്ചറിയിൽ ശീതൾ ദേവി വനിതകളുടെ കോംപൗണ്ട് യോഗ്യതാ റൗണ്ടിൽ 720 ൽ 704 സ്കോർ ചെയ്തുകൊണ്ട് ലോക റിക്കാർഡിനൊപ്പമെത്തുകയും പുതിയ ഏഷ്യൻ റിക്കാർഡ് കുറിക്കുകയും ചെയ്തു.
ജൂഡോയിൽ വനിതകളുടെ 52 കിലോഗ്രാം വിഭാഗത്തിന്റെ ഫൈനലിലേക്ക് മുന്നേറിക്കൊണ്ട് കോകില ഇന്ത്യക്ക് മെഡൽ ഉറപ്പാക്കി. നിലവിൽ മെഡൽ പട്ടികയിൽ ഇന്ത്യ രണ്ടാമതാണ്. ചൈനയാണ് ഒന്നാമത്.