ടെഹ്റൻ: ഹിജാബ് ധരിക്കാതെ സോഷ്യൽ മീഡിയയിലൂടെ സംഗീത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്ത പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ അഹ്മദിക്കും സഹപ്രവർത്തകർക്കും ചാട്ടവാറടി ശിക്ഷ വിധിച്ച് കോടതി.
ഇറാനിലെ ഖോം പ്രവിശ്യയിലെ ക്രിമിനൽ കോടതിയാണ് ഇവർക്ക് 74 ചാട്ടവാറടി ശിക്ഷവിധിച്ചത്. ചാട്ടവാറടിക്ക് പുറമേ, രണ്ട് വർഷത്തേക്ക് വിദേശയാത്ര നടത്തുന്നതിനും ഏതെങ്കിലും തരത്തിലുള്ള കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
2024 ഡിസംബറിൽ ഇവർ പാടിയ ഇറാനിലെ വിപ്ലവ ഗാനമായ അസ് ഖൂനെ ജവനനെ വതൻ എന്ന പാട്ടിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും വലിയ തോതിൽ വൈറലാവുകയും ചെയ്തു. തുടർന്ന് ഇന്റർനെറ്റിലൂടെ അശ്ലീലത പരത്തി പൊതുജനങ്ങളുടെ അന്തസിന് ഭംഗം വരുത്തി എന്ന കുറ്റം ചുമത്തിയാണ് ഇറാനിലെ ഇസ്ലാമിക നിയമപ്രകാരം കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്.
ഈ വിധി മനുഷ്യാവകാശ ലംഘനമാണെന്ന് വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും രൂക്ഷമായി വിമർശിച്ചു. സ്ത്രീകൾ പാടുന്നതോ സംഗീതം നിർമിക്കുന്നതോ ഇറാനിയൻ നിയമപ്രകാരം കുറ്റകരമല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒരു ഗായിക ഹിജാബ് ധരിക്കാതെ പാടിയതിന് ചാട്ടവാറടി നൽകുന്നത് ഭരണകൂടം സ്ത്രീകൾക്കെതിരെ നടത്തുന്ന വിവേചനത്തിന്റെ ഏറ്റവും പുതിയ തെളിവാണ് എന്ന് മാധ്യമപ്രവർത്തക മസിഹ് അലിനെജാദ് പറഞ്ഞു.