കവർച്ചാ കേസ് തെളിയിക്കാൻ ആൾദൈവത്തിന്റെ സഹായം തേടിയെത്തിയ ഉത്തർപ്രദേശ് പൊലിസ് സബ് ഇൻസ്പെക്ടറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. 'പർച്ചി വാലെ ബാബ' എന്ന പേരിൽ അറിയപ്പെടുന്ന ആത്മീയ പ്രഭാഷകന്റെ സദസിൽ, യൂണിഫോം ധരിച്ചെത്തിയ ഉദ്യോഗസ്ഥൻ നിലത്തിരുന്ന് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. അഞ്ച് മാസം മുമ്പ് തന്റെ അമ്മായിയുടെ വീട്ടിൽ നടന്ന മോഷണക്കേസിൽ ഇതുവരെ പ്രതികളെ കണ്ടെത്താനായില്ലെന്നും, കേസ് തെളിയിക്കാൻ സഹായിക്കണമെന്നുമാണ് ഉദ്യോഗസ്ഥൻ ബാബയോട് ആവശ്യപ്പെടുന്നത്.
എന്നാൽ, ഒരു പൊലിസ് ഉദ്യോഗസ്ഥനായിരുന്നിട്ടും കേസ് സ്വയം തെളിയിക്കാൻ കഴിയാത്തതെന്തുകൊണ്ടാണെന്ന് ബാബ തിരിച്ചുചോദിച്ചു. മാസങ്ങളോളം അന്വേഷിച്ചിട്ടും യാതൊരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് എത്തിയതെന്നായിരുന്നു എസ്ഐയുടെ മറുപടി. സ്വന്തം അധികാരപരിധിയിലോ വീട്ടിലോ നടക്കാത്ത ഒരു സംഭവത്തിൽ യൂണിഫോം ധരിച്ച് ഇടപെട്ടതിന്റെ ഔചിത്യത്തെയും ബാബ ചോദ്യം ചെയ്തു. പൊലിസ് ചട്ടങ്ങളെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയില്ലാത്തതിനാൽ ഉദ്യോഗസ്ഥന്റെ പ്രവൃത്തിയെക്കുറിച്ച് കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മോഷണത്തിന് പിന്നിൽ കുടുംബാംഗങ്ങളിൽ ആരെങ്കിലുമാകാമെന്ന സംശയം ഉദ്യോഗസ്ഥൻ പങ്കുവെച്ചപ്പോൾ, തന്റെ കൈവശമുള്ള കടലാസ് തുണ്ടുകൾ പരിശോധിച്ച ശേഷം മൂന്ന് പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് ബാബ പ്രവചിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് ഉറപ്പ് നൽകിയ ബാബയുടെ കാൽതൊട്ട് വന്ദിച്ച ശേഷമാണ് ഉദ്യോഗസ്ഥൻ മടങ്ങിയത്. നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കെ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലിസ് സേനയുടെ വിശ്വാസ്യതയും പ്രവർത്തനരീതിയും വലിയ രീതിയിൽ വിമർശിക്കപ്പെടുകയാണ്.
ശാസ്ത്രീയ അന്വേഷണ മാർഗങ്ങൾ അവലംബിക്കുന്നതിന് പകരം ആൾദൈവത്തെ ആശ്രയിച്ചതും, അന്വേഷണത്തിലിരിക്കുന്ന ഒരു ക്രിമിനൽ കേസിന്റെ രഹസ്യവിവരങ്ങൾ പൊതുവേദിയിൽ വെളിപ്പെടുത്തിയതും ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായ വിശ്വാസങ്ങൾക്കപ്പുറം ഔദ്യോഗിക രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ട ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയ്ക്കെതിരെ വകുപ്പുതല നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.