വർഷങ്ങളായി മനസിനുള്ളിൽ കൊണ്ടുനടന്ന ഒരു രഹസ്യം മാതാപിതാക്കളോട് തുറന്നുപറയുന്നതിലെ ആശങ്ക പല പെൺകുട്ടികൾക്കും ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്.
പ്രണയം വെളിപ്പെടുത്തുമ്പോൾ ഉണ്ടാകാവുന്ന വിധികല്പന, മാനസിക സമ്മർദ്ദം, അല്ലെങ്കിൽ മാതാപിതാക്കളുടെ എതിർപ്പ് എന്നിവയെക്കുറിച്ചുള്ള ഭയം ആ നിമിഷത്തെ അതീവ ദുഷ്കരമാക്കാറുണ്ട്.
ഈ പശ്ചാത്തലത്തിലാണ്, ഒരു പിതാവും മകളും തമ്മിലുണ്ടായ ഹൃദയസ്പർശിയായ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദൃഷ്ടി എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വൈകാരിക നിമിഷം ലോകവുമായി പങ്കുവെച്ചത്.
വീഡിയോയിൽ, തന്റെ പിതാവിന്റെ കൈകളിൽ മുറുകെ പിടിച്ച്, പറയേണ്ടതെല്ലാം ഉള്ളിലൊതുക്കി നിൽക്കുന്ന മകളെ വ്യക്തമായി കാണാം. മകളുടെ മുഖത്തെ പരിഭ്രമം ശ്രദ്ധിച്ച പിതാവ്, പൂർണമായ ശാന്തതയോടെ, മകൾക്ക് സംസാരിക്കാൻ ധൈര്യം നൽകി കാത്തിരുന്നു.
നീണ്ട മൗനത്തിനൊടുവിൽ, വിറയ്ക്കുന്ന സ്വരത്തിൽ അവൾ തന്റെ രഹസ്യം വെളിപ്പെടുത്തി. “പാപ്പാ, ഇത്രയും വർഷമായി പറയണമെന്ന് വിചാരിക്കുന്നു, പക്ഷേ ഇപ്പോഴാണ് പറയുന്നത്. എനിക്കൊരു ബോയ്ഫ്രണ്ടുണ്ട് പാപ്പാ… 11 വർഷമായി'.
ഈ വാചകങ്ങൾ കേട്ടപ്പോൾ ഏവരും അപ്രതീക്ഷിത പ്രതികരണത്തിനായി കാത്തിരുന്നുവെങ്കിലും, പിതാവിന്റെ മറുപടി എല്ലാവരെയും അമ്പരപ്പിച്ചു. ദേഷ്യത്തിനോ പരിഭ്രമത്തിനോ ഒരു സാധ്യതയും നൽകാതെ, അദ്ദേഹം വളരെ വാത്സല്യത്തോടെ മറുപടി നൽകി.
"എല്ലാവർക്കും ഉണ്ടാകും, ഇതിൽ ഇതിൽ പേടിക്കാൻ എന്താണ് ഉള്ളത്'. പിതാവിന്റെ ഈ ശാന്തമായ പ്രതികരണം കേട്ട് മകൾ പൊട്ടിക്കരഞ്ഞു. അത് ഭയം കൊണ്ടുള്ള കരച്ചിലായിരുന്നില്ല, വർഷങ്ങളായി മനസിൽ ചുമന്ന ഭാരം ഇറക്കിവെച്ചതിലുള്ള അദമ്യമായ ആശ്വാസമായിരുന്നു.
ഈ സ്നേഹത്തോടെയുള്ള പ്രതികരണത്തിൽ ധൈര്യം ലഭിച്ച ദൃഷ്ടി, തന്റെ പ്രണയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവെച്ചു. തന്റെ കാമുകന്റെ പേര് വിവേക് ആണെന്ന് അവൾ വെളിപ്പെടുത്തി. അപ്പോൾ, ഒരു പുഞ്ചിരിയോടെ അദ്ദേഹം തനിക്ക് വിവേകിനെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് പറയുകയായിരുന്നു.
ഈ വാർത്തയെ "നല്ല വാർത്ത' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മകളും വിവേകും സ്വന്തമായി ജോലിയുള്ള, അവരുടെ ജീവിതത്തിൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള വ്യക്തികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരുമിച്ച് ഒരു ജീവിതം പങ്കിടാനുള്ള പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ, മറ്റ് സാമൂഹിക ചിട്ടവട്ടങ്ങളേക്കാൾ പ്രധാനം വ്യക്തിപരമായ ഇഷ്ടത്തിനും തീരുമാനങ്ങൾക്കുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, തന്റെ മകളുടെ തിരഞ്ഞെടുപ്പിൽ പൂർണ വിശ്വാസമുണ്ടെന്നും, അവൾ എടുക്കുന്ന ഏത് തീരുമാനത്തിലും താൻ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ജാതി, മതം, പണം എന്നിവയെക്കാൾ മനുഷ്യത്വവും, സ്നേഹവും, ദയയുമാണ് പ്രധാനമെന്നുള്ള പിതാവിന്റെ വാക്കുകൾ അനേകരുടെ ഹൃദയത്തിൽ സ്പർശിച്ചു. ഈ വീഡിയോ പെട്ടെന്ന് തന്നെ ഇന്റർനെറ്റിൽ തരംഗമായി മാറി.
"നിങ്ങളുടെ അച്ഛന് തീർച്ചയായും ഒരു അവാർഡ് നൽകണം', എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, "ഇതുകണ്ട് എന്റെ ടെൻഷൻ മുഴുവൻ ആശ്വാസമായി മാറി' എന്ന് മറ്റൊരാൾ കുറിച്ചു. മനസിലാക്കുന്ന മാതാപിതാക്കൾ ഉണ്ടെന്നുള്ള തിരിച്ചറിവിൽ പലരും വികാരഭരിതരായി.