പാരിപ്പള്ളി: പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജ് ചരിത്രത്തില്‍ സുപ്രധാനമായ ഒരു നാഴികക്കല്ലായി അത്യാധുനിക റോട്ടെം മെഷീന് ആശുപത്രിയില്‍ സ്ഥാപിച്ചു. മെഷീന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി കെ.മുരളീധരൻ നിർവഹിക്കും.
ഇതോടെ കേരളത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയ രണ്ടാമത്തെ മെഡിക്കല്‍ കോളജായി മാറി. രക്തസ്രാവം കൃത്യമായി നിയന്ത്രിക്കാനും രോഗികള്‍ക്ക് ലക്ഷ്യാധിഷ്ഠിതമായ ചികിത്സ നല്‍കാനും സഹായിക്കുന്ന അതിനൂതന പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് ഉപകരണമാണ് റോട്ടെം.
അഞ്ചു മുതല്‍ 10 മിനിറ്റിനുള്ളില്‍ പരിശോധനാ ഫലങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ ഡോക്ടര്‍മാര്‍ക്ക് വളരെ വേഗത്തില്‍ ചികിത്സാ തീരുമാനങ്ങള്‍ എടുക്കാന്‍ ഇതിലൂടെ സാധിക്കും. റോട്ടെം സഹായത്തോടെ രോഗിക്ക് ഏത് തരത്തിലുള്ള രക്തഘടകങ്ങളാണ് ആവശ്യമെന്ന് തിരിച്ചറിയാന്‍ ഈ സംവിധാനം വഴി സാധിക്കും. ഇതുവഴി അനാവശ്യമായ രക്തം ട്രാന്‍സ് ഫുഷന്‍ ഒഴിവാക്കാനും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ കുറയ്ക്കാനും സാധിക്കും. പ്രസവസംബന്ധമായ രക്തസ്രാവം, സിറ്റി വിഎസ്, ട്രാന്‍സ്പ്ലാന്റ്, ഇന്ട്രാപ് ബ്ലീഡിംഗ്, കരള്‍ രോഗങ്ങള്‍, രക്തം കട്ടപിടിക്കുന്നതിലെ അപാകതകളായ കോഗുലോപ്പതി, ഡിഐസി, പാമ്പുകടി തുടങ്ങിയ സങ്കീര്‍ണമായ അവസ്ഥകളിലും രോഗികളുടെ ജീവന് രക്ഷിക്കാന്‍ വലിയ പങ്കുവഹിക്കും.
മരണ നിരക്ക്, വീണ്ടുമുള്ള ശസ്ത്രക്രിയകളുടെ ആവശ്യകത, ഐസിയു വാസം എന്നിവ ഗണ്യമായി കുറയ്ക്കാന്‍ റോട്ടെം പരിശോധന സഹായിക്കുന്നു. മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗികള്‍ക്കും ആശുപത്രിക്കും ഉണ്ടാകുന്ന ചികിത്സാ ചെലവുകള്‍ കുറയ്ക്കാനും ഇത് പ്രയോജനകരമാണ്.
സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിരന്തര പരിശ്രമങ്ങളുടെ വിജയമാണിത്. ഏതാനും സ്വകാര്യ ആശുപത്രികളില്‍ മാത്രമേ ഇപ്പോള്‍ ഈ സേവനം ലഭ്യമുള്ളൂ. 18 ലക്ഷത്തോളം ആണ് ഈ മെഷീന്റെ വില. സാധാരണ ജനങ്ങള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കും.
റോട്ടെം മെഷീന്റെ ഗുണങ്ങള്‍
ഹൃദയ ശസ്ത്രക്രിയകള്‍ : ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയകള്‍ക്കിടയിലും അതിനുശേഷവുമുള്ള രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താന്‍ ഉപയോഗിക്കുന്നു.
കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയ : സങ്കീര്‍ണമായ കള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളില്‍ രക്തം കട്ടപിടിക്കുന്ന പ്രക്രിയ കൃത്യമായി നിരീക്ഷിക്കാന്‍ സഹായിക്കുന്നു.
പ്രസവാനന്തര രക്തസ്രാവം: പ്രസവത്തിന് ശേഷം അമ്മമാര്‍ക്കുണ്ടാകുന്ന അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ സഹായിക്കുന്നു.
കൃത്യമായ രക്തപ്പകര്‍ച്ച : രോഗിക്ക് ആവശ്യമുള്ള രക്തഘടകങ്ങള്‍ (പ്ലാസ്മ, പ്ലേറ്റ്ലെറ്റ് മുതലായവ) മാത്രം നല്കാന് ഡോക്ടര്‍മാരെ സഹായിക്കുന്നു.
രക്തം പാഴാകുന്നത് തടയല്‍: അനാവശ്യമായ രക്തപ്പകര്‍ച്ചകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.
ഫിബ്രിനോജന്‍ അളവ് കണ്ടെത്തല്‍ : രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഫിബ്രിനോജന്‍ എന്ന പ്രോട്ടീന്റെ കുറവ് വേഗത്തില്‍ മനസിലാക്കുന്നു.
അമിതമായി രക്തം ഉരുകുന്നത് തടയല്‍: കട്ടപിടിച്ച രക്തം അമിതമായി അലിഞ്ഞുപോകുന്ന അവസ്ഥ കണ്ടെത്തുന്നു.
ഹെപ്പാരിന്‍ മരുന്നിന്റെ പ്രഭാവം തിരിച്ചറിയല്‍: രക്തം കട്ടപിടിക്കാതിരിക്കാന്‍ നല്കുന്ന ഹെപ്പാരിന്‍ മരുന്നിന്റെ പ്രഭാവം പരിശോധിക്കുന്നു.
പോയിന്റ് ഓഫ് കെയര്‍ പരിശോധന : രോഗിയുടെ അരികില്‍ വച്ചുതന്നെ അഞ്ചു മുതല്‍ 10 മിനിറ്റിനുള്ളില്‍ പ്രാരംഭ ഫലം നല്കുന്നു.
ശസ്ത്രക്രിയക്ക് ശേഷമുള്ള നിരീക്ഷണം: തീവ്രപരിചരണ വിഭാഗത്തില്‍ രോഗികളുടെ രക്തസ്രാവ സാധ്യത നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്നു. ആന്റികോഗുലന്റ് മരുന്നുകളുടെ റിവേഴ്സല്‍.
ചികിത്സാ ചിലവ് കുറയ്ക്കല്‍: കൃത്യമായ ചികിത്സ നല്‍കുന്നതിലൂടെ രോഗിയുടെ ആശുപത്രിവാസവും അനാവശ്യ മരുന്നുകളുടെ ചെലവും കുറയ്ക്കുന്നു.