നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കും ഇന്ധനലാഭത്തിനുമായി ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്മെന്റ് (ബിഎംഇ) സംവിധാനം ഒരുങ്ങുന്നു.
അന്താരാഷ്ട്ര ടെർമിനലിൽ 15.04 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനം 24 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
വിമാനങ്ങൾ റൺവേയിലും ഏപ്രണിലും പാർക്ക് ചെയ്തിരിക്കുന്ന സമയത്ത് ആവശ്യമായ വൈദ്യുതിയും റീകണ്ടീഷൻ ചെയ്ത എയറും പുറത്തുനിന്ന് നേരിട്ട് എത്തിക്കുകയാണ് ബിഎംഇ സംവിധാനത്തിന്റെ പ്രധാന ചുമതല. സാധാരണയായി പാർക്കിംഗ് സമയത്ത് വിമാനത്തിനുള്ളിലെ ഓക്സിലറി പവർ യൂണിറ്റോ (എപിയു) എൻജിനോ പ്രവർത്തിപ്പിച്ചാണ് ഇത്തരം ആവശ്യങ്ങൾക്കു വൈദ്യുതി കണ്ടെത്തുന്നത്.
ഇത് വൻതോതിൽ ഇന്ധനച്ചെലവിനും വായു മലിനീകരണത്തിനും കാരണമായിരുന്നു. ഇതിനു പകരമായി വിമാനത്തിന് ആവശ്യമായ വൈദ്യുതി പുറമെനിന്നും എത്തിക്കുകയാണ് ബിഎംഇ ചെയ്യുന്നത്.
എയ്റോ ബ്രിഡ്ജുകളോടു ചേർത്ത് ഘടിപ്പിച്ചിട്ടുള്ള പുതിയ ബിഎംഇ സംവിധാനം നിലവിൽ വരുന്നതോടെ വിമാനങ്ങളുടെ ഇന്ധന ഉപയോഗത്തിൽ വലിയ കുറവുണ്ടാകും.
ഓരോ വിമാനവും മണിക്കൂറിൽ 122 മുതൽ 145 കിലോഗ്രാം വരെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയാനും സാധിക്കുമെന്നാണു വിലയിരുത്തൽ.