ന്യൂഡൽഹി: ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത പോര് തുടരുന്നതിനിടയിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് സമാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തിയപ്പോൾ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. തുടർന്ന് വന്ദേമാതരം ആലപിച്ച് മറ്റ് നടപടികൾ പൂർണമായി ഒഴിവാക്കിയാണ് ലോക്സഭ പിരിഞ്ഞത്.
ഇതിനുപുറമെ സ്പീക്കറുടെ സമാപന ചായസത്കാരവും ഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ പൂർണമായി ബഹിഷ്കരിച്ചു. പതിനേഴ് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രിയും അമിത് ഷായും ലോക്സഭയിലെത്തിയത്. ഭരണപക്ഷം ഇരുവരെയും കൈയടിയോടെ സ്വീകരിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് സഭയെ പ്രക്ഷുബ്ധമാക്കി.
അമിത് ഷായെ നേരിട്ട് പ്രതിഷേധം അറിയിക്കാൻ കോൺഗ്രസ് തീരുമാനിച്ച സാഹചര്യത്തിൽ സമ്മേളന സമാപനത്തോടനുബന്ധിച്ചുള്ള സ്പീക്കറുടെ പ്രസ്താവന പോലും ഒഴിവാക്കി നടപടികൾ വേഗത്തിൽ അവസാനിപ്പിക്കുകയായിരുന്നു. പതിവ് ചായസത്കാരത്തിനായി പ്രധാനമന്ത്രിയും അമിത് ഷായും സ്പീക്കറുടെ ചേംബറിലെത്തിയെങ്കിലും കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നു.
സമാജ്വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും വിട്ടുനിന്നപ്പോൾ ഡിഎംകെ നേതാവ് കനിമൊഴി ചായസത്കാരത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ കേരളത്തിന്റെ ഔദ്യോഗിക നാമം മാറ്റുന്നതുൾപ്പെടെ 12 ബില്ലുകൾ പാസാക്കിയെങ്കിലും പരീക്ഷാ പേപ്പർ ചോർച്ചയ്ക്ക് ശിക്ഷ വർധിപ്പിക്കുന്ന ബില്ലിൽ മാത്രമാണ് ലോക്സഭയിൽ കാര്യമായ ചർച്ച നടന്നത്.