പനാജി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്കാരം 2029 പൊതുതെരഞ്ഞെടുപ്പോടെ നിലവിൽ വന്നേക്കുമെന്ന് സൂചന നൽകി പാർലമെന്‍ററി സമിതി (ജെപിസി) അധ്യക്ഷനും ബിജെപി എംപിയുമായ പി.പി. ചൗധരി.
ഇതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവയിൽ സമിതിയുടെ രണ്ടുദിവസത്തെ യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചൗധരി.
നിർദിഷ്ട തെരഞ്ഞെടുപ്പ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് സമവായത്തിലെത്തിച്ചേരുന്നതിന്‍റെ ഭാഗമായി രാജ്യമെമ്പാടുമുള്ള വിവിധ കക്ഷികളുമായി ജെപിസി കൂടിക്കാഴ്ച നടത്തിയതായും ചൗധരി പറഞ്ഞു. കൂടിക്കാഴ്ച നടത്തിയതിൽ 99 ശതമാനം പേരും നിർദിഷ്ട പരിഷ്‌കാരത്തെ പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ ഭരണഘടനാ വിദഗ്ധരും സിവിൽ സൊസൈറ്റി സംഘടനകളും വിദ്യാഭ്യാസ വിദഗ്ധരും ഉൾപ്പെടെയുള്ളവരുമായി ഇതിനകം കൂടിക്കാഴ്ച നടത്തിയെന്നും ചൗധരി വ്യക്തമാക്കി.