അഫൂല: ഇസ്രയേലിന്റെ രാഷ്ട്രീയഭാവി നിർണയിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുന്നു.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും വലതുപക്ഷ സഖ്യവും അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ മുൻ സൈനികമേധാവി ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി ഉൾപ്പെടുന്ന പ്രതിപക്ഷം ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. സുരക്ഷ, ഗാസ യുദ്ധം, നിർബന്ധിത സൈനിക സേവനം, ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമാകുന്നു.
ലിക്കുഡ് പാർട്ടിക്ക് 2022ലെ തെരഞ്ഞെടുപ്പിൽ 23.41 ശതമാനം വോട്ടും 32 സീറ്റുകളുമാണ് ലഭിച്ചത്. ലിക്കുഡും സഖ്യകക്ഷികളും ചേർന്ന് 64 സീറ്റുകൾ നേടിയതോടെയാണ് നെതന്യാഹുവിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞത്.
എന്നാൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഭരണസഖ്യത്തിന്റെ അംഗബലം 60 സീറ്റുകളായി കുറഞ്ഞിരുന്നു. 120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. അതിനാൽ നെതന്യാഹുവിന് അധികാരം നിലനിർത്താൻ സഖ്യകക്ഷികളുടെ പിന്തുണ നിർണായകമാണ്.
പ്രധാന മത്സരക്കാർ
ലിക്കുഡ് പാർട്ടിക്കു പുറമേ ഇറ്റമാർ ബെൻ-ഗ്വിറിന്റെ ഒറ്റ്സ്മ യെഹൂദിത്, ബെസലേൽ സ്മോട്രിച്ചിന്റെ റിലീജിയസ് സയണിസം, ഷാസ്, യുണൈറ്റഡ് തോറ ജൂഡായിസം തുടങ്ങിയ പാർട്ടികളും വലതുപക്ഷ സഖ്യത്തിലെ പ്രധാന ശക്തികളാണ്.
പ്രതിപക്ഷത്ത് ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി, നഫ്താലി ബെന്നറ്റിന്റെയും യായർ ലാപിഡിന്റെയും നേതൃത്വത്തിലുള്ള ബിയാഖാദ് സഖ്യം, അവിഗ്ദോർ ലിബർമാന്റെ ഇസ്രയേൽ ബെയ്തേനു, യായർ ഗോലാന്റെ ഡെമോക്രാറ്റ്സ് എന്നിവ പ്രധാനമാണ്. അറബ് പൗരന്മാരെ പ്രതിനിധീകരിക്കുന്ന റാം, ജോയിന്റ് ലിസ്റ്റ് തുടങ്ങിയ പാർട്ടികൾക്കും പാർലമെന്റിലെ സീറ്റുനിലയെ സ്വാധീനിക്കാൻ കഴിയും.
തെരഞ്ഞെടുപ്പു രീതി
ഇസ്രയേലിൽ ജനങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട് തെരഞ്ഞെടുക്കുന്നില്ല. 120 അംഗ പാർലമെന്റായ നെസെറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പാർട്ടികൾക്ക് ലഭിക്കുന്ന വോട്ടിന്റെ അനുപാതമനുസരിച്ചാണ് സീറ്റുകൾ അനുവദിക്കുന്നത്.