Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ParliamentaryForum

ബ്രിക്സ് പാർലമെന്‍ററി ഫോറം അടുത്തയാഴ്ച മുതൽ

ന്യൂഡൽഹി: ബ്രിക്സ് പാർലമെന്‍ററി ഫോറത്തിൽ എല്ലാ അംഗരാജ്യങ്ങളുടെയും പിന്തുണയോടെ സംയുക്ത പ്രസ്താവന സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക്‌സഭാ സ്പീക്കർ ഓം ബിർള. ഒക്ടോബർ 26, 27 തിയതികളിൽ നടക്കാനിരിക്കുന്ന പന്ത്രണ്ടാമത് ബ്രിക്സ് പാർലമെന്‍ററി ഫോറത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

അംഗരാജ്യങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നിട്ടും ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം സാധ്യമായത് അദ്ദേഹം ചൂണ്ടിക്കാട്ടി. സമാനമായി ഇത്തവണ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിൽ ഉഭയകക്ഷി വിഷയങ്ങൾ നിലനിന്നപ്പോഴും സംയുക്ത പ്രസ്താവന ഇറക്കാൻ സാധിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കണക്കാക്കിയിരുന്നു.

ജനകേന്ദ്രീകൃത വികസനത്തിനായി പാർലമെന്‍റുകളെ ശക്തിപ്പെടുത്തുക എന്ന പ്രമേയത്തിൽ നടക്കുന്ന പാർലമെന്‍ററി ഫോറത്തിന്‍റെ ഉദ്ഘാടനം ഒക്ടാബർ 26ന് ലോക്സഭ സ്പീക്കർ പാർലമെന്‍റിലെ സെൻട്രൽ ഹാളിൽ നിർവഹിക്കും. പങ്കെടുക്കുന്ന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും .

ബ്രിക്സ് അംഗ രാജ്യങ്ങളിൽ നിന്നും പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുമുള്ള സഭാ അധ്യക്ഷന്മാരുടെയും നേതാക്കളുടെയും കൂട്ടായ്മയാണ് ബ്രിക്സ് പാർലമെന്‍ററി ഫോറം. ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.

ബ്രിക്സ് പാർലമെന്‍ററി ഫോറത്തിന്‍റെ സംയുക്ത പ്രസ്താവന അന്തിമമാക്കുന്നതിനായി 2026 ഒക്ടോബർ 25-ന് പ്രതിനിധി സംഘങ്ങളുടെ സെക്രട്ടറിമാർ യോഗം ചേരും. കൂടാതെ ബ്രിക്സ് അംഗരാജ്യങ്ങളുടെയും പങ്കാളിത്ത രാജ്യങ്ങളുടെയും പാർലമെന്‍റുകളുടെ അന്താരാഷ്ട്ര കാര്യസമിതി ചെയർപേഴ്സൺമാരുടെ പ്രത്യേക യോഗവും ഇതിനൊപ്പം നടക്കും.

ജനാധിപത്യ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും വർധിപ്പിക്കൽ, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും നിർമിതബുദ്ധിയുടെയും ഉപയോഗം, ആഗോള ഭരണസംവിധാനത്തിൽ പാർലമെന്‍റുകൾ തമ്മിലുള്ള സഹകരണം, സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകുമെന്നും ഓം ബിർള വ്യക്തമാക്കി.

Latest News

Corehub Up