ന്യൂഡൽഹി: ലോകം ഇന്ന് അതീവസങ്കീർണമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിതരണശൃംഖലകളിലെ തടസങ്ങളും രാഷ്ട്രീയസമ്മർദങ്ങൾക്കായി സാമ്പത്തികമാർഗങ്ങൾ ഉപയോഗിക്കുന്നതും ആഗോള സാമ്പത്തിക അന്തരീക്ഷത്തെയും വിവിധ രാജ്യങ്ങളുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം വെല്ലുവിളികളിൽ ബ്രിക്സിന്റെ പ്രതികരണം എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. അംഗരാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ വലിപ്പത്തിൽ മാത്രമല്ല ബ്രിക്സിന്റെ കരുത്തിരിക്കുന്നത്.
വ്യാപാരം, നിക്ഷേപം, സംയുക്ത ധനസഹായം എന്നിവയിലൂടെ ഈ സാധ്യതകളെ പ്രായോഗിക സഹകരണ ബന്ധങ്ങളാക്കി മാറ്റുമ്പോഴാണ് സംഘടന കൂടുതൽ ശക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആഗോള ഊർജ-ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ സംഭാവന നൽകാൻ റഷ്യ സജ്ജമാണെന്ന് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കി.
പാശ്ചാത്യരാജ്യങ്ങൾ തങ്ങൾക്കെതിരേ ഏർപ്പെടുത്തിയ ഉപരോധങ്ങളെ വിമർശിച്ച പുടിൻ, ലോകം ആഴമേറിയ ഘടനാപരമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ചൂണ്ടിക്കാട്ടി.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെയും പശ്ചിമേഷ്യൻ പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ അമേരിക്കയുടെയോ മറ്റു രാജ്യങ്ങളുടെയോ പേരെടുത്തു പറയാതെ പാശ്ചാത്യരാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു പുടിന്റെ വിമർശനങ്ങൾ.