Kerala
കൊല്ലം: പത്തനാപുരം മണ്ഡലത്തിലെ തോൽവിയിൽ പ്രതികരിച്ച് കെ.ബി.ഗണേഷ് കുമാർ. ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചെന്നും ഇത് ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മുന്കാല തെരഞ്ഞെടുപ്പുകളില് ബിജെപിക്ക് ലഭിച്ച വോട്ടിന്റെ കണക്ക് പങ്കുവെച്ചാണ് ഗണേഷ് കുമാര് ആരോപണം ഉന്നയിച്ചത്.
ഡീലിന്റെ ഭാഗമായാണ് ട്വന്റി-20 പത്തനാപുരത്ത് മത്സരിച്ചതെന്നും ഗണേഷ് കുമാര് പറഞ്ഞു. ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും ഇതേ ഡീല് നടന്നു. ബിജെപി ജയിച്ച മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയത് എല്ഡിഎഫാണ്. വളരെ കുറഞ്ഞ വോട്ടുകള്ക്കാണ് മൂന്ന് മണ്ഡലങ്ങളിൽ ബിജെപിക്ക് ജയിക്കാന് കഴിഞ്ഞത്.
മൂന്നു സ്ഥലത്തും യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. ആ സ്ഥലങ്ങളില് കഴിഞ്ഞ പാര്ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകള് പോലും കോണ്ഗ്രസിന് ലഭിച്ചില്ലെന്നും ഗണേഷ് കുമാര് ചൂണ്ടിക്കാട്ടി. 2016 ല് ബിജെപിക്ക് പത്തനാപുരത്ത് 11,700 വോട്ടും 2021 ലെ തെരഞ്ഞെടുപ്പിൽ 12,398 വോട്ടും ലഭിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില് ബിജെപിക്ക് 23,000 ഓളം വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇത്തവണ 7,031 വോട്ട് മാത്രമാണ് എൻഡിഎയ്ക്ക് ലഭിച്ചത്. ഇതെല്ലാം ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
District News
പത്തനാപുരം : മണ്ഡലത്തെ ഇളക്കിമറിച്ച് ആവേശം കൊള്ളിച്ച് എൽഡിഎഫ് സ്ഥാനാർഥി ഗണേഷ് കുമാറിനൊപ്പം റാപ്പർ വേടൻ. ചെങ്ങമനാട് കിഴക്കേ തെരുവ് സെന്റ് മേരീസ് സ്കൂൾ ജംഗ്ഷൻ മുതൽ പത്തനാപുരം വരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ മെഗാ റോഡ് ഷോനടത്തി.
ആയിരക്കണക്കിന് പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് റോഡ് ഷോ സംഘടിപ്പിച്ചത്. പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആടിയും പാടിയും വേടൻ ആരാധകരെ ആവേശം കൊള്ളിച്ചു.
കിഴക്കേത്തെരുവ്, ചെങ്ങമനാട്, കുന്നിക്കോട്, പനംപറ്റ , പിടവൂർ. പത്തനാപുരം ജംഗ്ഷനുകളിൽ വേടനെ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു. വിവിധ കേന്ദ്രങ്ങളിൽസ്ഥാനാർഥി കെ.ബി. ഗണേഷ് കുമാറിനു വേണ്ടി വേടൻ വോട്ടഭ്യർഥനയും നടത്തി.
Kerala
കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇടതു മുന്നണി സ്ഥാനാർഥിയായി ആറാം തവണ ജനവിധി തേടുന്ന പത്തനാപുരം ശ്രദ്ധാകേന്ദ്രമാകുന്നു. മുൻതെരഞ്ഞെടുപ്പുകളിലേതു പോലെ ഒരു ഈസി വാക്കോവർ എന്നത് അസാധ്യമായ പത്തനാപുരത്ത് മന്ത്രിയെ അട്ടിമറിക്കാനാണ് ജ്യോതികുമാർ ചാമക്കാലയുടെ ലക്ഷ്യം.
ഇവിടെ എൻഡിഎ സ്ഥാനാർഥി ട്വന്റി ട്വന്റിയിലെ എസ്. അനിൽകുമാറാണ്. മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനും മാനേജ്മെന്റ് വിദഗ്ധനുമാണ് അനിൽകുമാർ. കഴിഞ്ഞ തവണ തോറ്റെങ്കിലും വീടെടുത്ത് മണ്ഡലത്തിൽ സ്ഥിരം സാന്നിധ്യമായി മാറിയ ജ്യോതി കുമാർ ചാമക്കാലയാണ് ഇത്തവണയും ഗണേഷ് കുമാറിനെതിരെ മത്സരിക്കുന്നത്.
സ്ഥിരമായി ഒരു എതിരാളി ഇല്ലാത്തതാണ് ഗണേഷിന് ഗുണം ചെയ്യുന്ന ഒരു ഘടകമെന്ന വിലയിരുത്തലും ഇതോടെ ഇല്ലാതാകുകയാണ്. കഴിഞ്ഞ അഞ്ചുവർഷവും പത്തനാപുരം വിട്ടു ജ്യോതികുമാർ പോയിട്ടില്ലെന്നാണ് പ്രത്യേകത. കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ മിന്നും വിജയംനേടാനും സാധിച്ചു.തദ്ദേശതെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിലാണ് ചാമക്കാലയുടെ കണ്ണ്.
എട്ടു പഞ്ചായത്തുകളിൽ ഒരെണ്ണംമാത്രം ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ നേടിയത് ആറെണ്ണം. 20 ബ്ലോക്ക് ഡിവിഷനുകളിൽ 16 എണ്ണം. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ രണ്ടെണ്ണവും. കേരള കോണ്ഗ്രസിന് ആകെയുള്ളത് അഞ്ച് വാര്ഡുകളാണ്.വിവാദങ്ങളിൽനിന്നും വിവാദങ്ങളിലേക്കാണ് ഗണേഷ്കുമാറിന്റെ യാത്ര.
ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കാനായി ഗണേഷ് കുമാർ നടത്തിയ ചെയ്തികൾ പ്രചാരണ രംഗത്ത് സജീവ ചര്ച്ച വിഷയമാക്കി, പ്രവര്ത്തകരുടെ വികാരം ഇളക്കി വിടാനാണ് യുഡിഎഫ് ശ്രമം. പത്തനാപുരം എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കി അഡ്ഹോക് കമ്മിറ്റിയെ ഭരണ ചുമതല ഏൽപ്പിച്ചത് അസാധാരണ നടപടിയായി.
ഭാര്യ ബിന്ദുവുമായിട്ടുള്ള പ്രശ്നം, അഴിമതി ആരോപണം, ഈ വിഷയം ഉന്നയിച്ച സമിതി അംഗം ആർ. വേണുകുമാറിന് കേരള കോൺഗ്രസ് പ്രവർത്തകരിൽനിന്ന് മർദനം..ഇതെല്ലാം വിവാദമായിരുന്നു.ഗണേശിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പത്തനാപുരത്ത് നടത്തിയ റാലിയിൽ നിന്ന് സിപിഎമ്മും സിപിഐയും വിട്ടു നിന്നതും ശ്രദ്ധേയമായി.
എന്നാൽ മണ്ഡലത്തിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും പത്തനാപുരത്ത് താൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതെന്നുമാണ് ഗണേഷ്കുമാർ പറയുന്നത്.
കണക്കുകൾ എന്തെല്ലാം പറഞ്ഞാലും ഗണേശനെന്ന കൊമ്പനെ ചാമക്കാല തോട്ടിമുനയിൽ തളയ്ക്കുമോ എന്ന് കാത്തിരുന്നു കാണാം.
Kerala
കൊല്ലം: പത്തനാപുരം എൻഎസ്എസിനുള്ള 300 കോടിയുടെ ആസ്തി തട്ടിയെടുക്കാനുളള നീക്കമാണ് നടക്കുന്നതെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടതിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് എല്ലാ സമുദായവും ഒരു പോലെയാണ്. മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവര്ത്തകനാണ് താന്.എന്എസ് എസും മറ്റുള്ളവരും ഒരു പോലെയാണ്. ജനാധിപത്യ രീതിയില് വോട്ടിട്ട് തെരഞ്ഞെടുക്കപ്പെട്ടയാളാണ് താൻ. തന്നെ സ്ഥാനത്തു നിന്ന് മാറ്റുമ്പോള് ജനാധിപത്യപരമാണോയെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
താന് ഏകാധിപതിയൊന്നുമല്ല. അത്തരത്തില് താന് ഏകാധിപതിയാണെന്ന് പത്തനാപുരത്തെ ജനങ്ങള് പറയില്ല. ജനാധിപത്യ വ്യവസ്ഥയില് തെരഞ്ഞെടുത്തയാളാണ് താന്. സാധാരണക്കാരനായ പൊതുപ്രവര്ത്തകനാണ്. എല്ലാസമൂഹത്തിനും തന്നെ വിമര്ശിക്കാനും തിരുത്താനും അവകാശമുണ്ട്.
താന് താലൂക്ക് യൂണിയന് ഭാരവാഹിത്വത്തില്നിന്ന് രാജിവെയ് ക്കാന് തയാറാണെന്ന് അറിയിച്ചതാണ്. പത്തനാപുരത്ത് എന്എസ്എസിനെ ആരെങ്കിലും നയിച്ചാല് മതിയല്ലോ. തനിക്ക് ജീവിക്കാന് ഒരു തൊഴിലുണ്ട്. ഒരുപാട് കാര്യങ്ങള് ചെയ്യാനുണ്ടെന്നും താന് ഓടിളക്കി വന്നയാളല്ലെന്നും കെ.ബി. ഗണേഷ്കുമാര് പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് യൂണിയനിലെ പത്ത് അംഗങ്ങൾ രാജിവച്ചു.
താലൂക്ക് യൂണിയനിൽ ആകെ 19 അംഗങ്ങളാണുള്ളത്. ഇതിൽ പത്തുപേർ രാജിവച്ചതോടെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു. ഗണേഷ് കുമാറിന്റെ നടപടികളിൽ നേരത്തെ തന്നെ യൂണിയനിൽ അതൃപ്തിയുണ്ടായിരുന്നു.
താലൂക്ക് യൂണിയനിൽ യാതൊരു പ്രശ്നവുമില്ലെന്നും തന്റെ അച്ഛന്റെ സമ്പാദ്യം കൊണ്ടാണ് യൂണിയൻ ഉണ്ടാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. പത്മ കഫേ നിർമാണത്തിലടക്കം ഭരണസമിതി അംഗങ്ങൾ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ കോഴികളുമായി പ്രതിഷേധിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് കെഎസ്യു പ്രവർത്തകർ മാർച്ച് നടത്തി. കൽപ്പറ്റയിൽ പ്രതിഷേധക്കാർ കെഎസ്ആർടിസി ബസുകൾ തടയുകയും ഗണേഷ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു. ഇവിടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
മന്ത്രിയുടെ ഭാര്യ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. മന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തും പ്രതിഷേധമുണ്ടായി. കെഎസ്യു പ്രവർത്തകർ കെഎസ്ആർടിസി ബസ് തടഞ്ഞ് ബാനർ കെട്ടി.
കാലൻകോഴി പത്തനാപുരത്തിന് വേണ്ടെന്നെഴുതിയ ബാനറാണ് കെട്ടിയത്. തുടർന്ന് പത്തനാപുരം കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ ബസുകൾ തടഞ്ഞു. പത്തനാപുരത്ത് മന്ത്രിക്ക് അനുകൂലമായും പ്രതികൂലമായും ഇരു വിഭാഗങ്ങൾ ചേരിതിരിഞ്ഞതോടെ പോലീസ് കനത്ത ജാഗ്രതയിലാണ്.
Kerala
കൊല്ലം: തടി കയറ്റിയതിനെ തുടർന്ന് റോഡ് തകർന്ന സംഭവത്തിൽ പരസ്യശാസനയുമായി മന്ത്രി കെ.ബി.ഗണേഷ് കുമാർ. മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്തനാപുരത്താണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
തടികൾ ഇട്ടതിനെ തുടർന്ന് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയ പുന്നല - അലിമുക്ക് റോഡിൽ തകരാർ സംഭവിച്ചിരുന്നു. ഇതു കണ്ട മന്ത്രി വാഹനം നിർത്തി അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളോട് ആക്രോശിച്ചു.
ഇത് ദ്രോഹമാണെന്നും ഇവിടെ നിങ്ങൾ തന്നെയല്ലേ താമസിക്കുന്നതെന്നും ചോദിച്ച മന്ത്രി റോഡ് പൊളിച്ചത് ശരിയാക്കിയിട്ടേ വിടൂവെന്നും നിലപാടെടുത്തു. ഒരു പിണക്കവും ഇതിൽ വേണ്ടെന്നും പറഞ്ഞു.
തുടർന്ന് എൻജിനീയറെ വിളിച്ചു വരുത്തി എത്രയും വേഗം റോഡ് ശരിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശവും നൽകി. അതിനുശേഷമാണ് മന്ത്രി പോയത്.
Kerala
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്തു മത്സരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ. പത്തനാപുരത്തല്ലാതെ എവിടെ പോകാനാണ്. ഞാൻ പത്തനാപുരത്ത് തന്നെ മത്സരിക്കും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യും.
പത്തനാപുരത്തുകാര്ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തനാപുരത്തുകാരെ തനിക്ക് നല്ല വിശ്വാസമാണ്. കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം പത്തനാപുരത്തുകാർക്കാണ്.
ഞാൻ അവരുടെ മന്ത്രിയാണ്, അവരുടെ എംഎൽഎയാണ്. അവരാണ് മന്ത്രിയും എംഎൽഎയുമാക്കിയത്. അതിനാൽ പത്തനാപുരത്തു നിന്ന് മാറില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനാപുരം നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ മണ്ഡലങ്ങളിൽ യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തവണ കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാലയെ പരാജയപ്പെടുത്തിയാണ് ഗണേഷ്കുമാർ നിയമസഭയിലെത്തിയത്.
പത്തനാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്യോതികുമാർ ചാമക്കാല തന്നെയാകും ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി.
District News
പത്തനാപുരം : പത്തനാപുരം നഗരത്തിന്റെ മുഖഛായ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ നഗരസൗന്ദര്യവത്കരണപദ്ധതി നടപ്പിലാക്കിയെങ്കിലും ചെടികൾ കരിഞ്ഞു തുടങ്ങിയതോടെ പദ്ധതി പാളി. ചെടികൾക്ക് ആവശ്യമായ വെള്ളം നൽകാൻ സാധിക്കാത്ത അവസ്ഥ വന്നതോടെ കൂട്ടത്തോടെ കരിഞ്ഞു തുടങ്ങിയിരിക്കുന്നു.
ലക്ഷങ്ങൾ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയത്.ചെടികൾ നനയ്ക്കാൻ സ്ഥാപിക്കേണ്ടിയിരുന്ന ഡ്രിപ്പ് ഇറിഗേഷൻ നടപ്പാക്കാത്തതും കാര്യക്ഷമമായ സംരക്ഷണമില്ലാത്തതും പദ്ധതിക്കു തിരിച്ചടിയായി.
കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്താണ് നഗരസൗന്ദര്യവത്കരണത്തിനു തുടക്കംകുറിച്ചത്. രണ്ടുവർഷംമുൻപ് വിഭാവനംചെയ്ത പദ്ധതി എങ്ങുമെത്താതാകുകയും കല്ലുംകടവ് പാലം നഗരത്തിന്റെ വികൃതമുഖമാകുകയും ചെയ്തതോടെയാണ് പദ്ധതിക്കായി മുറവിളി ഉയർന്നത്. മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ എംഎൽഎ ഫണ്ടും പഞ്ചായത്തുവിഹിതവും ഉപയോഗിച്ചു പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം.
ഏകദേശം 50 ലക്ഷം രൂപ അടങ്കൽ പ്രതീക്ഷിച്ച പദ്ധതിക്കായി ആദ്യഘട്ട ഫണ്ട് ഉപയോഗിച്ച് കല്ലുംകടവുമുതൽ ചെമ്മാൻപാലംവരെയുള്ള പുനലൂർ-മൂവാറ്റുപുഴ പാതയുടെ ഇരുവശങ്ങളിലെ മുക്കാൽഭാഗത്തും ചെടിച്ചട്ടികൾ സ്ഥാപിച്ചു.
ചെടികൾ വച്ചതു മാസങ്ങൾക്കുമുൻപാണ്. പൂർണമായി ചെടികൾ നട്ടശേഷം നനയ്ക്കാൻ ഡ്രിപ്പ് ഇറിഗേഷൻ സ്ഥാപിക്കാനും തുടർപ്രവർത്തനങ്ങൾക്കുമായി എംഎൽഎ ഫണ്ടിൽനിന്നുള്ള 28 ലക്ഷം രൂപയും പഞ്ചായത്തുവിഹിതവും വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടത്. ഡ്രിപ്പ് ഇറിഗേഷനുള്ള പൈപ്പുകളും അനുബന്ധ സാമഗ്രികളും സ്ഥാപിക്കാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുൻപാണ് പദ്ധതി ധൃതിപിടിച്ച് നടപ്പാക്കിയത്. വേനലായതോടെ ചെടികൾ നശിച്ചും തുടങ്ങി.
നനയ്ക്കാൻ ജീവനക്കാരനെ നിയോഗിച്ചെന്ന് അധികൃതർ പറയുന്നെങ്കിലും കാര്യക്ഷമമായില്ല. ഇത്രയും സ്ഥലത്തു ചെടികൾ ഉണങ്ങാതെ കാക്കാൻ വേനൽക്കാലത്ത് പലവട്ടം നനയ്ക്കേണ്ടിവരും.
ഇതിനു ഡ്രിപ്പ് ഇറിഗേഷൻ അനിവാര്യമാണ്. തുടക്കത്തിൽത്തന്നെ പദ്ധതി പാളിയതോടെ നിശ്ചിത സ്ഥലത്തെല്ലാം ചെടികൾ വയ്ക്കാതെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്. കല്ലുംകടവ് പാലത്തിൽ പദ്ധതിയുടെ ഭാഗമായി ഉദ്ദേശിച്ച കാര്യങ്ങളൊന്നും നടപ്പായിട്ടുമില്ല.
ആവശ്യമായ തുക ലഭിച്ച് പദ്ധതി പൂർത്തിയാക്കാനും തുടർപ്രവർത്തനവും പുതിയ പഞ്ചായത്ത് ഭരണസമിതി നടത്തേണ്ടതുണ്ട്. അതിനു സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന പഞ്ചായത്തിന് വാഗ്ദാനംചെയ്ത എംഎൽഎ ഫണ്ട് പൂർണമായി അനിവാര്യവുമാണ്.