തിരുവനന്തപുരം: ലീ സി ബിന്നിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുയർന്ന കൈക്കൂലി ആരോപണത്തിൽ പൊതുമരാമത്തു സെക്രട്ടറിയായിരുന്ന ഗ്യാനേഷ്കുമാറിന്റെ പങ്ക് വിജിലൻസ് അന്വേഷിക്കുന്നു.
വിജിലൻസ് തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്നിലെ എസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലാണ് വീണ്ടും പ്രാഥമിക പരിശോധന നടത്തുന്നത്.
ഇപ്പോഴത്തെ മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കേ കെഎസ്ടിപി പദ്ധതിയുടെ ഭാഗമായുള്ള എംസി റോഡ് നവീകരണ പദ്ധതിയുടെ ബിൽ മാറി നൽകാൻ രണ്ടു കോടി രൂപആവശ്യപ്പെട്ടെന്നാണുള്ള ആരോപണത്തിലാണ് അന്വേഷണം.
കെഎസ്ടിപിയുടെ നിർമാണച്ചുമതലയുണ്ടായിരുന്ന സംയുക്ത സംരംഭമായ ‘പതി ബെൽ’ കന്പനിയുമായി ചേർന്നു പ്രവർത്തിച്ചിരുന്ന മുൻ കരാറുകാരൻ വി.ഒ. സാജന്റെ പരാതി പരിഗണിച്ചാണ് അന്വേഷണം. ഗ്യാനേഷ്കുമാർ കൈക്കൂലി ആവശ്യപ്പെട്ടെന്നു പറഞ്ഞു കേട്ടെന്നാണ് സാജന്റെ പരാതിയിലുള്ളത്.
രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് ഗ്യാനേഷ് കുമാർ 14 കോടി രൂപയുടെ നാലു ബില്ലുകൾ തടഞ്ഞുവച്ചതായി 2006ൽ ആത്മഹത്യ ചെയ്ത പതി ബെൽ കന്പനിയുടെ ചീഫ് പ്രോജക്ട് മാനേജർ ലീ സീ ബീൻ വ്യക്തമാക്കിയിരുന്നെന്നാണ് സാജന്റെ പരാതിയിലുള്ളത്.
ഇതുമായി ബന്ധപ്പെട്ടു പരാതിക്കാരന്റെ മൊഴി വിജിലൻസ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. മൊഴി എടുത്ത ശേഷം തുടർ നടപടി എന്തുവേണമെന്നു തീരുമാനിക്കും. വി.ഒ. സാജന്റെ പരാതിയിൽ അന്വേഷണത്തിന് വിജിലൻസ് സർക്കാരിനോട് അനുമതി തേടിയിരുന്നില്ല.
20 വർഷം മുൻപുള്ള കേട്ടുകേൾവി അന്വേഷിച്ചിട്ടു കാര്യമില്ലെന്നായിരുന്നു വിജിലൻസ് വിലയിരുത്തൽ. തുടർന്ന് ആഭ്യന്തര വകുപ്പ് സ്വമേധയാ അന്വേഷണത്തിന് അനുമതി നൽകുകയായിരുന്നു. ആഭ്യന്തര വകുപ്പ് അനുമതി ഇന്നലെ വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിനു ലഭിച്ചു.
തുടർന്ന് എസ്ഐയു- ഒന്നിനെ പ്രാഥമികാന്വേഷണ ചുമതല ഏൽപിക്കുകയായിരുന്നു. പൊതുമരാമത്തു സെക്രട്ടറിയായിരിക്കേയുള്ള ഗ്യാനേഷ് കുമാറിന്റെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടു വിജിലൻസ് എസ്ഐയു- ഒന്ന് നേരത്തെയും പ്രാഥമികാന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിച്ചിരുന്നു.