മുംബൈ: ദേശീയ ടീമംഗങ്ങളായ ദേവ്ദത്ത് പടിക്കലും മുഹമ്മദ് സിറാജും ദുലിപ് ട്രോഫി ക്രിക്കറ്റ് ഫൈനലിനുള്ള ടീമിൽ. ഈസ്റ്റ് സോണിനെതിരേയുള്ള ദുലിപ് ട്രോഫി ക്രിക്കറ്റ് ഫൈനലിനുള്ള സൗത്ത് സോണ്‍ ടീമിലാണ് ഇരുവരെയും ഉൾപ്പെടുത്തിയത്. ഞായറാഴ്ച ഫൈനലിനു തുടക്കമാകും.
ഇന്ത്യൻ ടീം മാനേജ്മെന്റിൽനിന്ന് അവസാന നിമിഷം നിർദേശമൊന്നുമുണ്ടായില്ലെങ്കിൽ സൗത്ത് സോണ്‍ ക്യാപ്റ്റൻ തിലക് വർമയും ഈസ്റ്റ് സോണ്‍ താരങ്ങളായ ഇഷാൻ കിഷനും വൈഭവ് സൂര്യവംശിയും ഫൈനലിൽ കളിക്കും.
മൂവരും അഫ്ഗാനിസ്ഥാനെതിരേയുള്ള ട്വന്റി 20 മത്സരത്തിനുള്ള ടീമിലുള്ളവരാണ്. ദുലീപ് ട്രോഫി ഫൈനൽ 10ന് അവസാനിക്കും. 13ന്് അഫ്ഗാനെതിരേയുള്ള ടി20 പരന്പരയ്ക്കു തുടക്കമാകും.
ദേവ്ദത്ത് പടിക്കൽ ശ്രീലങ്കയ്ക്കെതിരേയുള്ള ടെസ്റ്റ് പരന്പരയിൽ മൂന്ന് ഇന്നിംഗ്സിലായി രണ്ടു സെഞ്ചുറി സഹിതം 328 റണ്‍സ് പ്രകടനവുമായി പ്ലയർ ഓഫ് ദ സീരീസ് ആയിരുന്നു.
സെമിഫൈനലിൽ സൗത്ത് സോണിനായി മികച്ച പ്രകടനം കാഴ്ചവച്ച പേസർ വിദ്വത് കാവേരപ്പയ്ക്ക് ചെറിയ പരിക്കേറ്റ സാഹചര്യത്തിൽ, സിറാജിന്റെ സാന്നിധ്യം ടീമിന്റെ പേസ് ബൗളിംഗ് നിരയ്ക്ക് കരുത്തേകും. പടിക്കലിനൊപ്പം സിറാജും ശ്രീലങ്കയിൽ നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കളിച്ചിരുന്നു. നാല് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിരുന്നു.