മണര്‍കാട്: കേരളത്തില്‍നിന്നു യുവതലമുറ മികച്ച ജീവിതം തേടി വിദേശത്തേക്കു പോകുന്നുണ്ടെന്നും അതൊരു യാഥാര്‍ഥ്യമാണെന്നും നമുക്കത് നിഷേധിക്കാനാവില്ലെന്നും ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ.
മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചശേഷം സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബാവാ. മലങ്കര സഭയിലും ലോകമെമ്പാടുമുള്ള സഭകളിലും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഏവരും പ്രാര്‍ഥിക്കണമെന്നും പാത്രിയര്‍ക്കീസ് ബാവ ആഹ്വാനം ചെയ്തു.
സഭയുടെ ശക്തി അംഗസംഖ്യയിലല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും അപ്പസ്തോലന്മാരുടെ പാരമ്പര്യത്തിലുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രിക്കും മുന്‍ മുഖ്യമന്ത്രിക്കും അദ്ദേഹം നന്ദിയര്‍പ്പിച്ചു.
പരസ്പരം പോരടിച്ച് ക്രൈസ്തവ സാക്ഷ്യം നഷ്ടപ്പെടുത്തരുത്:
ബസേലിയോസ് ജോസഫ് ബാവ
മണര്‍കാട്: യാക്കോബായ- ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു കൃത്യമായ നിലപാടുകള്‍ വ്യക്തമാക്കി യാക്കോബായ സുറിയാനി സഭാധ്യക്ഷന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ. കാലംമാറിയെന്നും പരസ്പരം പോരടിച്ച് ക്രൈസ്തവ സാക്ഷ്യം നഷ്ടപ്പെടുത്തരുതെന്നും ബാവ ആഹ്വാനം ചെയ്തു.
പെട്ടെന്നൊരു ദിവസം ഇരുസഭകളും ഒന്നായി മാറുകയെന്നത് എത്രത്തോളം പ്രായോഗികമാണെന്ന് അറിയില്ല. അതിനാല്‍ പരസ്പര ബഹുമാനത്തോടെ ഇരുസഭകളായി തന്നെ മുന്നോട്ട് പോകുന്നതല്ലേ ഉചിതമെന്നും അദ്ദേഹം ചോദിച്ചു.
മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പാത്രിയര്‍ക്കീസ് ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചശേഷം നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബാവ.
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ എന്ന സങ്കല്പ്പത്തിന് സഭ എതിരല്ല. ഇന്ത്യയിലെ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ രണ്ടാണെന്ന് മറുവിഭാഗം സുപ്രിംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വഴക്കുകള്‍ അവസാനിപ്പിക്കണം. ദേവലോകം അരമനയിലേക്ക് ഓര്‍ത്തഡോക്സ് സഭ പാത്രിയര്‍ക്കീസ് ബാവയെ ക്ഷണിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബാവ പറഞ്ഞു.
സമാധാനത്തെ തച്ചുടയ്ക്കാൻ ശ്രമം: ഡോ. യൂഹാനോന്‍ മാര്‍
ദീയസ്കോറോസ് മെത്രാപ്പോലീത്ത
കോട്ടയം: പാത്രിയര്‍ക്കീസ് ബാവ മലങ്കരസഭയുടെ പള്ളികളില്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കുന്നത് തര്‍ക്കം നിലനില്‍ക്കുന്നതിനാലാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ മാധ്യമവിഭാഗം തലവന്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അദ്ദേഹത്തെ സഭാ ആസ്ഥാനമായ ദേവലോകത്തേക്ക് ക്ഷണിച്ചു.
പാത്രിയര്‍ക്കീസ് ബാവയ്ക്കായി ദേവലോകത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. ചര്‍ച്ചകള്‍ക്കുശേഷം എല്ലാ പള്ളികളിലും പ്രവേശിക്കുവാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാമായിരുന്നു. എന്നാല്‍ തര്‍ക്കബാധിത പള്ളികളില്‍ പ്രവേശിച്ച് നൈമിഷിക സന്തോഷത്തിനുവേണ്ടി ശാശ്വതസമാധാനത്തെ തച്ചുടയ്ക്കാന്‍ ശ്രമിച്ചതായി മെത്രാപ്പോലീത്ത പ്രതികരിച്ചു.
സഭ ഒന്നായാല്‍ സ്വര്‍ഗം സന്തോഷിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന് തന്നെ പറഞ്ഞത്. അദ്ദേഹം നടത്തിയത് ആത്മാർഥമായ ശ്രമങ്ങളാണ്. എന്നാല്‍ അതിനു പിന്നാലെ സംഭവിച്ചത് അസമാധാനം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. സമരത്തിനു തുരങ്കം വെച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ളവരാണെന്നും മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.