വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കെന്ന പേരിൽ മറൈൻ എൻഫോഴ്സ്മെന്റനായി രണ്ടാഴ്ച മുൻപ് എത്തിച്ച കണ്ടം ചെയ്യാറായ പഴഞ്ചൻ വാടക ബോട്ടും രാത്രിയിലെ പട്രോളിംഗിനിടയിൽ പണിമുടക്കി.
കടലിൽ മണിക്കൂറുകളോളം നിയന്ത്രണം തെറ്റി ഒഴുകിയ ബോട്ടിനെയും ജീവനക്കാരെയും രക്ഷിക്കാൻ നീണ്ടകരയിൽനിന്ന് തീരദേശ പോലീസിന്റെ ബോട്ട് വേണ്ടി വന്നു. വെള്ളിയാഴ്ച വൈകുന്നേരം വിഴിഞ്ഞത്തുനിന്ന് വർക്കലയിലേക്ക് പട്രോളിംഗിനുപോയ ബോട്ട് മടങ്ങിവരുന്നതിനിടയിൽ തുമ്പ ഭാഗത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. എൻജിനും ഓയിൽ ടാങ്കിന്റെ വാൽവിനും കേടുവന്ന ബോട്ട് മുന്നോട്ട് പോകാനാകാതെ നിശ്ചലമായി. ആങ്കർ ചെയ്തെങ്കിലും ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം നിയന്ത്രണം തെറ്റിയ ബോട്ട് ലക്ഷ്യമില്ലാതെ ഒഴുകാൻ തുടങ്ങിയത് ജീവനക്കാരെയും പേടിയിലാഴ്ത്തി.
ഒടുവിൽ ഉന്നതർ ഇടപെട്ട് തീരദേശപോലീസിന്റെ ബോട്ടെത്തിച്ചു കെട്ടിവലിച്ചു നീണ്ട കരക്കുകൊണ്ടുപോയി. വള്ളത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ വിഴിഞ്ഞത്ത് എത്തിക്കുന്നതിനിടയിൽ ക്ഷീണം അനുഭവപ്പെട്ട ഒരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രോളിംഗ് നിരോധന കാലത്ത് വാടകയ്ക്ക് എടുത്തിരുന്ന വാടക ബോട്ടിന്റെ കരാർ കാലാവധി കഴിഞ്ഞതു പരിഗണിച്ചാണ് മറ്റൊരു വാടകബോട്ട് വിഴിഞ്ഞത്ത് എത്തിച്ചത്.
ഏറെ കാലപ്പഴക്കംചെന്ന ബോട്ടിനെക്കുറിച്ച് പരാതി ഉയർന്നിരുന്നു. കണ്ടം ചെയ്യാൻ പാകത്തിലായ രക്ഷാബോട്ടു നിയന്ത്രിക്കാൻ കരാറുകാരൻ നിയമിച്ചിരുന്നത് പ്രായംചെന്ന ആരോഗ്യപ്രശ്നമുള്ളവരെയായി രുന്നു. കടൽക്ഷോഭത്തിൽപ്പെട്ട ബോട്ടിനെ നിയന്ത്രിക്കാനാകാതെ ഇവർ കുഴങ്ങിയതായും ജീവനക്കാർ പറയുന്നു. ഈമാസം തുടക്കത്തിൽ കടലിൽ അകപ്പെട്ട മൂന്നു മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനു മതിയായ സംവിധാനമില്ലെന്ന പേര് ദോഷത്തിനിടയിലാണ് ഈ പുതിയസംഭവം.