കണ്ണൂർ: മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ ടി.ഐ. മധുസൂദനന്റെ കൊലവിളിപ്രസംഗത്തെ തള്ളിയും രൂക്ഷവിമർശനമുന്നയിച്ചും ജില്ലാ സെക്രട്ടേറിയറ്റ് യോഗം. മധുസൂദനന്റെ പ്രസംഗം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
നേതാക്കൾ പ്രസംഗത്തിൽ പ്രകോപനരമായ വാക്കുകൾ പ്രയോഗിക്കാതിരിക്കാൻ സ്വയം ജാഗ്രതകാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുഭാഗത്ത് പാർട്ടി തെറ്റുതിരുത്തല്‍ പാതയിലൂടെ സഞ്ചരിക്കുമ്പോൾ മറുഭാഗത്ത് ഇത്തരം രീതികളിലുള്ള നിലപാട് ഗുണംചെയ്യില്ല.
പ്രസംഗിക്കുമ്പോള്‍ അതിരുവിടരുതെന്നും എം.വി. ഗോവിന്ദൻ ശാസന രൂപേണയുള്ള മുന്നറിയിപ്പും നൽകി. വിവാദപ്രസംഗത്തെ എം.വി. ഗോവിന്ദൻ കഴിഞ്ഞദിവസം രാവിലെ മാധ്യമങ്ങൾക്ക് മുന്നിൽ തള്ളിപ്പറഞ്ഞതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടേറിയറ്റിലും ശക്തമായ ഭാഷയിൽ കുറ്റപ്പെടുത്തിയത്.
വെള്ളിയാഴ്ച രാവിലെ മധുസൂദനന്റെ വിവാദപ്രസംഗത്തെ മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ ചോരയ്ക്ക് പകരം ചോര പ്രസംഗത്തെ മറയാക്കി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ന്യായീകരിച്ചിരുന്നു. ന്യായീകരണം വിവാദമായതോടെ ഉച്ചകഴിഞ്ഞ് തന്റെ വാക്കുകൾ ദൃശ്യമാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പത്രക്കുറിപ്പിറക്കി ന്യായീകരണത്തിൽനിന്ന് പിന്മാറുകയായിരുന്നു.
പയ്യന്നൂരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിലായിരുന്നു ടി.ഐ. മധുസൂദനന് ധനരാജ് വധക്കേസ് വിധിയുടെ പശ്ചാത്തലത്തിൽ വിവാദപ്രസംഗം നടത്തിയത്.
ചീമേനിയില്‍ സിപിഎം പ്രവര്‍ത്തകരെ ചുട്ടുകൊന്ന പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും അവരാരും ഇന്ന് ജീവനോടെയില്ലെന്ന കാര്യം ഓര്‍മിക്കുന്നത് നല്ലതായിരിക്കും. കണക്കു പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീര്‍ക്കുമെന്നു പറഞ്ഞ മധുസൂദനൻ കോടതിയെയും രൂക്ഷമായി വിമർശിച്ചിരുന്നു.
തണുപ്പിലിരുന്ന് തടവും ശിക്ഷയും കൊടുക്കുന്ന ജഡ്ജിക്ക് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നായിരുന്നു വിമർശനം. ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റിൽ ടി.ഐ. മധുസൂദനൻ പങ്കെടുത്തിരുന്നില്ല.