കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ആർ. രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ നടപടിയുമായി റവന്യൂ വകുപ്പ്. രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ കെ.പി. പോളിനെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.
കണ്ണൂർ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം ലക്ഷ്യമാക്കി മൃതദേഹവുമായി പോയ ആംബുലൻസിൽ ഫ്രീസർ സൗകര്യമില്ലെന്ന കാര്യം തൃശൂർ ചാവക്കാട് എത്തിയപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മൃതദേഹം മറ്റൊരു ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.
മൃതദേഹം വഴിയിൽവെച്ച് ആംബുലൻസിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് കളക്ടർ റിപ്പോർട്ട് തേടിയിരുന്നു. ചെറുപുഴ മീൻതുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെയാണ് തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ ആർ. രാജേഷ് മരിച്ചത്.