Kerala
കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ സിപിഎം വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുമെന്ന് അർഎസ്പി. പയ്യന്നൂരാണ് അഞ്ചാമത്തെ സീറ്റായി ലഭിച്ചതെന്നും അവിടെ വി. കുഞ്ഞികൃഷ്ണന് പിന്തുണ നൽകുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.
കോൺഗ്രസ് നേതാക്കളുമായും കുഞ്ഞികൃഷ്ണനുമായും ചർച്ച ചെയ്തു. ഇവരുടെയെല്ലാം അനുമതിയോടുകൂടിയാണ് തീരുമാനം. മണ്ഡലത്തിൽ ആർഎസ്പിക്ക് സ്ഥാനാർഥി ഉണ്ടാകില്ല.യുഡിഎഫ് മൊത്തത്തിൽ പിന്തുണ നൽകുന്ന കാര്യത്തിൽ അവരുടെ ഭാഗത്തുനിന്ന് തീരുമാനമുണ്ടാകുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലുമടക്കം വൻ തിരിമറി നടന്നുവെന്ന ആരോപണം ഉന്നയിച്ചാണ് മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന കുഞ്ഞികൃഷ്ണൻ പാർട്ടിയുമായി ഇടഞ്ഞത്.
ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തെന്നും പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.
വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാതെരഞ്ഞെടുപ്പിൽ പയ്യന്നൂരിൽനിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണൻ പ്രഖ്യാപിച്ചത്.
District News
പയ്യന്നൂർ: പയ്യന്നൂരിന് സമീപത്തെ വിദ്യാലയത്തിലെ ഉത്തര്പ്രദേശുകാരിയായ അധ്യാപികയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി.
ഉത്തര്പ്രദേശ് മുസാഫാര് നഗറിലെ ലോകേഷ് കുമാറിന്റെ മകള് സുരഭി പാലി (29) നെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഒന്പതോടെ അധ്യാപിക താമസിക്കുന്ന എടാട്ടുള്ള ക്വാര്ട്ടേഴ്സിലെ ബെഡ്റൂമിന് തൊട്ടടുത്ത മുറിയില് ഫാനില് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
Kerala
കണ്ണൂർ: വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ മത്സരിക്കുകയാണെങ്കിൽ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് കെ.സുധാകരൻ എംപി. സിപിഎമ്മിന്റെ കാപട്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച സാധാരണക്കാരനായ പാർട്ടിക്കാരനാണ് കുഞ്ഞികൃഷ്ണൻ.
അതേസമയം പയ്യന്നൂരിലെ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നിട്ടില്ല. കുഞ്ഞികൃഷ്ണന്റെ നീക്കം കോൺഗ്രസ് നിരീക്ഷിക്കുകയാണ്. അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണയ്ക്കാനാണ് പാർട്ടിയുടെ തീരുമാനം.
പി.കെ. ശശി മത്സരിച്ചാൽ പിന്തുണ നൽകുന്ന കാര്യം പരിഗണിക്കും. രാഷ്ട്രീയത്തിൽനിന്ന് മാറി നിൽക്കുമ്പോൾ ആ ആളുടെ സേവനം നാടിന് ആവശ്യമെങ്കിൽ ഏറ്റെടുക്കും. എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കിയതിൽ ജനം കാർക്കിച്ച് തുപ്പുകയാണ്.
നാണവും മാനവും ഉണ്ടെങ്കിൽ അവർ മത്സരിക്കരുത്. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യം പറയേണ്ടത് പാർട്ടിയാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻവിജയം നേടുമെന്നും സുധാകരൻ പറഞ്ഞു.
Kerala
കണ്ണൂര്: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണം നേരിടുന്ന ടി.ഐ. മധുസൂദനൻ എംഎൽഎ വിശദീകരണവുമായി രംഗത്ത്. സിപിഎം ഒരു ഒറ്റയാന്റെ പാര്ട്ടിയല്ല. ഏതെങ്കിലും ഒരാളുടെ നിയന്ത്രണത്തിൽ തുള്ളിക്കളിക്കുന്ന പാർട്ടിയല്ലെന്നും രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ടി.ഐ. മധുസൂദനൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വി.കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീകൃഷ്ണൻ സ്യമന്തക രത്നം കട്ടെടുത്തെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോയെന്നും മധുസൂദനൻ ചോദിച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണനെതിരെയും മധുസൂദനൻ വിമർശനം ഉന്നയിച്ചു. ചിലർ പാർട്ടിയെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും മധുസൂദനൻ പറഞ്ഞു.
Kerala
പയ്യന്നൂർ: സിപിഎം മുൻ പയ്യന്നൂർ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഇന്ന് നടക്കാനിരിക്കെ പുസ്തക പ്രകാശന ചടങ്ങിന് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. പയ്യന്നൂരിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി നടപടിക്ക് വിധേയനായ വ്യക്തി എന്ന നിലയിൽ, പുസ്തക പ്രകാശനം രാഷ്ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ.
പുസ്തക പ്രകാശന ചടങ്ങിനിടെ പ്രതിഷേധങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. ചടങ്ങ് നടക്കുന്ന ഹാളിന് പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളോ അതൃപ്തിയുള്ള ഒരു വിഭാഗം പ്രവർത്തകരോ ചടങ്ങ് തടയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ്.
District News
കണ്ണൂർ: രക്തസാക്ഷി ഫണ്ട് പോലും വെട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളുടെ അഴിമതിക്കും ജനാധിപത്യ രീതിയിൽ പ്രതികരിച്ച കോൺഗ്രസ് നേതാക്കൾക്കെതിരേയുണ്ടായ ഗുണ്ട ആക്രമണ ത്തിലും പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നാളെ പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സത്യഗ്രഹ സമരം നടക്കും.
രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന സത്യാഗ്രഹം കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും.പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ള നേതാക്കൾ ധനരാജ് രക്തസാക്ഷി ഫണ്ടിൽ നടത്തിയ വെട്ടിപ്പും റിയൽ എസ്റ്റേറ്റ് മാഫിയ പ്രവർത്തനങ്ങളും സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനാണ് തുറന്നു പറഞ്ഞത്.
പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത സംഭാവനയ്ക്ക് പാർട്ടിക്കകത്തല്ലാതെ പുറത്താരോടും കണക്ക് പറയേണ്ട കാര്യമില്ല എന്ന ധാർഷ്ട്യത്തോടെയുള്ള പ്രതികരണമാണ് ഈ വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയത്. സിപിഎം ആക്രമത്തിനും അഴിമതിക്കുമെതിരേ ജനമനസാക്ഷി ഉണർത്താൻ ഏകദിന സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.
Kerala
പയ്യന്നൂർ: കുട്ടികളെ രണ്ടുപേരെയും അമ്മയ്ക്കൊപ്പം വിടാൻ കോടതി വിധി വന്നതോടെ വീട്ടിൽ കൂട്ടആത്മഹത്യ. പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് കുടുംബ പ്രശ്നത്തിലെ കോടതി ഉത്തരവിന് പിന്നാലെയെന്ന് സൂചന.
രാമന്തളി വടക്കുമ്പാട് കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഉഷയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ട് ആരു പ്രതികരിക്കാതെ വന്നതിന് പിന്നാലെ നോക്കുമ്പോഴാണ് വീടിനു മുന്നിൽ എഴുതി വച്ചിരുന്ന കത്ത് ഉണ്ണികൃഷ്ണൻ കാണുന്നത്. ഇതോടെ ഉണ്ണികൃഷ്ണൻ കത്തുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
തുടർന്ന് പോലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുയി കണ്ടെത്തിയത്. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി വന്നത്. ഇതിന് പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നത്.