ഓസ്ട്രിയൻ ന്യൂറോളജിസ്റ്റും സൈക്യാട്രിസ്റ്റുമായിരുന്ന വിക്ടർ ഫ്രാങ്ക് (1905-1997), ലോകപ്രശസ്തനായ മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. മനുഷ്യൻ സന്തോഷത്തെയാണ് പ്രധാനമായി കാണുന്നതെന്നും അതിനുവേണ്ടി ജീവിക്കുന്നതാണ് അവന്റെ ജന്മവാസനയെന്നും ഫ്രോയിഡ് വാദിച്ചു. എന്നാൽ, മനുഷ്യന്റെ വിജയം ജീവിതത്തിനു അർഥം കണ്ടെത്തുന്നതിലാണെന്നു ഫ്രാങ്ക് അഭിപ്രായപ്പെട്ടു. യെസ് ടു ലൈഫ്, മാൻസ് സെർച്ച് ഫോർ മീനിംഗ് എന്നീ പുസ്തകങ്ങളിൽ ഫ്രാങ്കിന്റെ മനഃശാസ്ത്രപരവും താത്വികവുമായ ആശയങ്ങൾ അടങ്ങിയിരിക്കുന്നു.
1942-1945 കാലത്ത് ഫ്രാങ്കും കുടുംബവും ഹിറ്റ്ലറുടെ തടങ്കൽപാളയത്തിലായിരുന്നു. ജീവൻ നിലനിർത്താനാകുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. തടവറയിൽനിന്ന് രക്ഷപ്പെടുക പ്രയാസമാണല്ലോ. അക്കാലത്ത് അദ്ദേഹത്തിന് മാതാപിതാക്കളെയും ഭാര്യയെയും നഷ്ടപ്പെട്ടു. ആ പ്രയാസമേറിയ ഇരുണ്ട കാലത്ത് മനസിൽ എങ്ങനെയാണ് ജീവിതത്തിന്റെ പ്രതീക്ഷയുടെ തിരിനാളം അങ്കുരിച്ചതെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. എത്ര വലിയ യാതനയിലും നാം ജീവിതത്തിന് ഒരു അർഥമുണ്ടെന്ന കാര്യം കൈവിടരുത്. ഒരു ഉദ്ദേശ്യമുണ്ടായാൽ പുറത്തുവീഴുന്ന ചാട്ടവാറടികളെ അതിജീവിക്കാനാവും.
1946ൽ പുറത്തുവന്ന ‘മാൻസ് സെർച്ച് ഫോർ മീനിംഗ്’ എന്ന കൃതി കോൺസെൻട്രേഷൻ ക്യാമ്പിലെ പീഡാനുഭവങ്ങൾ രേഖപ്പെടുത്തുന്നു. സന്തോഷം തേടുന്നതല്ല, അർഥം അന്വേഷിക്കുന്നതാണ് ജീവിതത്തിന്റെ നിലനിൽപ്പിന് പ്രധാനമെന്ന് അദ്ദേഹം പറയുന്നു. യാതനയുടെ കാലത്ത് ഈ ജീവിതലക്ഷ്യം നഷ്ടപ്പെടുത്തരുത്. ചുറ്റുപാടുകളിൽനിന്ന് നാം ഒരു ലക്ഷ്യം കണ്ടെത്തണം. അസഹനീയമായ കഷ്ടപ്പാടുകളില്‍ ജീവിക്കുമ്പോൾ മനസ് മടുക്കുന്നതിനുപകരം വ്യക്തിപരമായ അനുഭവത്തിന്റെ മൂല്യവും അതിജീവിക്കാനുള്ള ശക്തിയുമാണ് തിരയേണ്ടത്. അവശർ അവശതയിൽ ഫോക്കസ് ചെയ്യരുത്.
തന്റെ മനഃശാസ്ത്രപരമായ സമീപനത്തെ അദ്ദേഹം ലോഗോതെറാപ്പി എന്നാണു വിളിച്ചത്. ജീവിതത്തിന്റെ അർഥം കണ്ടെത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജീവിതത്തിൽ എന്തു തെരഞ്ഞെടുക്കണമെന്ന് നാം തീരുമാനിക്കണം. ജീവിതത്തിന്റെ അർഥത്തെ സ്വയം അനുഭവിച്ചറിയണം. അദ്ദേഹം എഴുതുന്നു: വിജയിക്കുക എന്നതല്ല ലക്ഷ്യമായി കാണേണ്ടത്. ഒരു ലക്ഷ്യത്തെ മാത്രം കേന്ദ്രീകരിച്ചാൽ അതു നഷ്ടപ്പെടും. സന്തോഷം പോലെയാണ് വിജയവും. അതിനെ പിന്തുടരരുത്, നഷ്ടപ്പെടും. അത് സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. അത് ഒരു പാർശ്വഫലമായി വരേണ്ടതാണ്. വിജയത്തിനുവേണ്ടി പോരാടാതെ അത് സംഭവിക്കണം. നിങ്ങളോട് മനഃസാക്ഷി എന്താണു പറയുന്നതെന്ന് ശ്രദ്ധിക്കണം. അതു നിർവഹിക്കാൻ പരമാവധി ശക്തി ഉപയോഗിക്കുക. അതു നിങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഫലം തരുന്നു. വിജയം നിങ്ങളുടെയടുത്തേക്കു വരും. കാരണം, നിങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലല്ലോ.
നമ്മൾ ജീവിതത്തിന് അർഥം നൽകുന്നത് പ്രവൃത്തികളിലൂടെ മാത്രമല്ല, സ്നേഹത്തിലൂടെയും പിന്നീട് പ്രയാസങ്ങളിലൂടെയുമാണ്. മനുഷ്യർ തന്റെ സാധ്യതകളെ മുൻനിർത്തി ഒരു പ്രശ്നത്തെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന വിഷയമുണ്ട്. അവന്റെ/അവളുടെ പ്രവർത്തനങ്ങളെ, സ്നേഹിക്കാനുള്ള കഴിവിനെ അത് എങ്ങനെ ബാധിക്കുന്നു എന്നത് ഗൗരവമേറിയതാണ്. ഈ നിയന്ത്രണങ്ങൾക്കകത്ത് അവനും അവളും എങ്ങനെ പെരുമാറുന്നു, ഈ ചുറ്റുപാടിൽ അവർ സ്വന്തം വിഷമങ്ങളെ എങ്ങനെ ഉൾക്കൊള്ളുന്നു എന്നു നോക്കുക. ഇതിലെല്ലാം അവരുടെ മൂല്യം കാണാം.
ജീവിതത്തില്‍ സന്തോഷത്തിനാണ് ഒന്നാം സ്ഥാനമെന്ന് കരുതുന്നവരുണ്ട്. രാജ്യങ്ങള്‍പോലും ഇന്ന് ആളുകളുടെ ആളോഹരി ആനന്ദമാണ് പരിശോധിക്കുന്നത്. ലൗകികമായ അര്ഥത്തിലല്ലെങ്കില്പോലും പ്രപഞ്ചസാരം തേടിയ ഋഷികളും ആനന്ദത്തെക്കുറിച്ച് പറയുന്നുണ്ട്. സകല ജീവികളും ആനന്ദത്തിനായി ഉത്സുകരാകുന്നു. നേരിട്ട് ആനന്ദം സാക്ഷാത്കരിക്കാന്‍ പ്രകൃതിയില്‍തന്നെ പരിമിതികള്‍ ഉള്ളതുകൊണ്ട് മനുഷ്യര്‍ അവലംബിത മാര്‍ഗങ്ങള്‍ തേടുന്നു. കലാരൂപങ്ങളില്‍നിന്നു കിട്ടുന്നത് ഈ അനുഭവമാണ്.
പരോക്ഷമായി ആനന്ദത്തിന്റെ സാധ്യമായ ഒരിടമാണത്. അതിന്റെയര്‍ഥം ജൈവലോകത്തിന് ആനന്ദം നിഷിദ്ധമല്ലെന്നാണ്. ഒരു ശലഭം വെറുതെ പറക്കുന്നു; എത്രയോ ആനന്ദകരമായ കാഴ്ചയാണത്. പ്രപഞ്ചലീലയുടെ സരളമായ ആനന്ദാനുഭവമാണത്. ശലഭവും ഇതുതന്നെ നേടുന്നു. യാതൊന്നിന്റെയും ബൗദ്ധികമോ സദാചാരപരമോ സാമൂഹികമോ ആയിട്ടുള്ള പദാവലിയുടെ ഭാരമില്ലാതെതന്നെ അവയ്ക്ക് പറക്കാനാകുന്നു. ഭൂമിയിലെ ജീവികളുടെ സഹജമായ ആത്മീയതയാണിത്.
അതേസമയം, ഈ ആനന്ദം പലപ്പോഴും കൈയെത്തും ദൂരത്തിനും അപ്പുറമാണ്. ആനന്ദം എങ്ങനെയാണ് നഷ്ടമാകുന്നത്? നമ്മുടെ കൈയില്‍ സുലഭമായ ആനന്ദമുണ്ട്. എന്നാല്‍, അത് നമുക്കു നഷ്ടപ്പെടുന്നു. ഇതല്ലേ സത്യം? നഷ്ടപ്പെടാതിരിക്കാന്‍ എന്താണു ചെയ്യേണ്ടത് എന്ന ചോദ്യം എപ്പോഴും ഉയരുന്നു. പല ചിന്തകരും മനഃശാസ്ത്രജ്ഞരും എപ്പോഴും ഇതേക്കുറിച്ചുള്ള പ്രമാണങ്ങളും കണ്ടെത്തലുകളും ആവിഷ്കരിക്കുകയാണ്.
ജീവിതത്തെ ജീവിക്കാന്‍ കൊള്ളാതാക്കുന്നതിനെതിരായി ചിലത് ചെയ്യേണ്ടതുണ്ട്. തടങ്കല്‍പ്പാളയങ്ങളില്‍ കഴിയുന്നവര്‍ പൊതുവേ നിരാശയില്‍ മുങ്ങിത്താഴുകയാണു പതിവ്. അവിടെനിന്ന് ക്ഷതമേല്‍ക്കാതെ, ജീവിതത്തിന്റെ വിഹായസിലേക്ക് തിരിച്ചെത്താന്‍ കഷ്ടപ്പെടണം. ഫ്രാങ്ക് അതിന്റെ നല്ല ഉദാഹരണമാണ്. അദ്ദേഹം പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം, നമ്മുടെ ഭാവിയെ സര്‍ഗാത്മകമായി നവീകരിക്കുന്നതിന് തടസമാകുന്ന തരത്തില്‍ ഒരു ചിന്തയ്ക്ക് അടിമപ്പെടരുതെന്നാണ്. സ്വാമി വിവേകാനന്ദന് പറഞ്ഞതുപോലെ എഴുന്നേല്ക്കൂ, ജാഗ്രതയോടെ ഇരിക്കൂ എന്ന ആശയം നമുക്ക് ഓര്‍മിക്കാവുന്നതാണ്. ഉണര്‍ന്നില്ലെങ്കില്‍ നാം സ്വന്തം നരകത്തിലേക്കു ചെന്നുവീഴും.
ജീവിതത്തില്‍ കുറെയൊക്കെ പുരോഗതി നേടിയെന്നു വിചാരിക്കുക. എന്നാല്‍, അതുകൊണ്ട് വിജയം നിലനില്‍ക്കില്ല. അതിനെ പുനര്ഭാവനകളിലൂടെ മുന്നോട്ട് നയിക്കണം. അദ്ദേഹം എഴുതുന്നു: “നമ്മള് നേരിട്ട യാതനകളെ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയേണ്ടതുണ്ട്. മഹാനായ ദസ്തയേവ്സ്കി ഇതു പറഞ്ഞിട്ടുണ്ട്. നമ്മുടെ യാതനകളെ ഉള്ളില്‍ താങ്ങാന്‍ കഴിയുകയാണെങ്കില്‍ അത് വലിയൊരു പുരോഗതിയാണ്. ഇത് ആത്മീയമായ സ്വാതന്ത്ര്യമാണ്. ഇത് എങ്ങോട്ടും എടുത്തുമാറ്റാനാവാത്തതാണ്. ഇത് ജീവിതത്തിന് അര്‍ഥമുണ്ടാക്കുന്നു.’’