ഡബ്ലിൻ: അയർലൻഡ് സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് വകുപ്പ് മന്ത്രി നിയാൽ കോളിൻസ് ടിഡി, ലിങ്ക് വിൻസ്റ്റാർ മാത്യുവിനെ കൗണ്ടി ഡബ്ലിനിലെ പീസ് കമ്മിഷണറായി നിയമിച്ചു.
വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി രേഖകൾ സാക്ഷ്യപ്പെടുത്തുക, ഉത്തരവുകളിൽ ഒപ്പുവയ്ക്കുക തുടങ്ങിയവയാണ് പീസ് കമ്മിഷണറുടെ പ്രധാന ചുമതലകൾ. അടിയന്തര സാഹചര്യങ്ങളിൽ സമൻസുകളും വാറന്റുകളും പുറപ്പെടുവിക്കുന്നതിനുള്ള അധികാരവും പീസ് കമ്മിഷണർമാർക്ക് സർക്കാർ നൽകിയിട്ടുണ്ട്.
അയർലൻഡിലെ ഭരണകക്ഷിയായ ഫിനഗെയിൽ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച ലിങ്ക് വിൻസ്റ്റാർ മാത്യു, പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിയും ഐഒസി അയർലൻഡിന്റെ പ്രസിഡന്റുമാണ്.
കേരളത്തിലും വിദേശത്തുമായി പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ ഇദ്ദേഹം എറണാകുളം ജില്ലക്കാരനാണ്. വിവിധ കോളജ് യൂണിയൻ പ്രവർത്തനങ്ങൾ, സഹകരണ ബാങ്ക് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സാമൂഹിക-ചാരിറ്റി രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
കെഎസ്യു - യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകളിലും ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ള ലിങ്ക് വിൻസ്റ്റാർ മാത്യുവിന്റെ പുതിയ നിയമനം അദ്ദേഹത്തിന്റെ ദീർഘകാല പൊതുസേവന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.