രാം ചരൺ, ജാൻവി കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബുച്ചി ബാബു സന ഒരുക്കിയ പെദ്ധിയിൽ ജാൻവിയെ സെക്സ് സിംബൽ മാത്രമാക്കി മാറ്റി എന്ന തരത്തിൽ വിമർശനങ്ങൾ ഉയരുകയാണ്. ജാൻവിയെ ശരീരം കാണിക്കാനായി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ബി ഗ്രേഡ് ആർടിസ്റ്റിനെപ്പോലെയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും ആരോപിച്ച് സംവിധായകനെതിരെ വിമർശനം ഉയർന്നു. ഒടുവിൽ ക്ഷമാപണവുമായി സംവിധായകൻ തന്നെ രംഗത്തെത്തി.
സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളെ ഗൗരവമായി എടുക്കുന്നുവെന്നും ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുവെന്നും ബുച്ചി ബാബു സന പറഞ്ഞു.
എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയായിരുന്നു സംവിധായകന്റെ ഖേദപ്രകടനം.
‘‘ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിൽ, സിനിമ വിനോദപരവും പ്രചോദനപരവും പ്രേക്ഷകരുമായി ബന്ധം സ്ഥാപിക്കുന്നതും ആയിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.
അത് ആരെയും അസ്വസ്ഥരോ ബഹുമാനമില്ലാത്തവരോ ആയി തോന്നിപ്പിക്കരുത്. പെദ്ധിയിലെ ചില രംഗങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ ഞങ്ങൾ കേട്ടു, അത് ഗൗരവമായി എടുത്തിട്ടുണ്ട്.
ഞാൻ എപ്പോഴും സ്ത്രീകളോട്, തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലും, വലിയ ബഹുമാനം പുലർത്തിയിട്ടുണ്ട്. ഒരു സ്ത്രീ കഥാപാത്രത്തെയും വസ്തുവൽക്കരിക്കാനോ അനാദരിക്കാനോ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല. സിനിമയുടെ ഏതെങ്കിലും ഭാഗം അങ്ങനെ ധരിക്കപ്പെട്ടെങ്കിൽ, ആ വികാരങ്ങളെ ഞങ്ങൾ മാനിക്കുന്നു, ഉയർത്തുന്ന ആശങ്കകൾ മനസിലാക്കുന്നു, ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.
പ്രതികരണങ്ങൾ പരിശോധിച്ച ശേഷം, ബന്ധപ്പെട്ട ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
പ്രേക്ഷകരുമായുള്ള ബന്ധത്തിലൂടെയാണ് സിനിമ വളരുന്നത്, കഥ പറയുന്നവർ എന്ന നിലയിൽ, മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളെയും സംവേദനക്ഷമതകളെയും കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.
ഓരോ സ്ത്രീയും ബഹുമാനം അർഹിക്കുന്നു, വിലമതിക്കപ്പെടുന്നു, അന്തസോടെ പ്രതിനിധീകരിക്കപ്പെടണം. ശക്തമായ കഥാപാത്രങ്ങളെ ആഘോഷിക്കുകയും ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന കഥകൾ പറയുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ച എല്ലാവർക്കും നന്ദി,’’ ബുച്ചി ബാബു സന കുറിച്ചു.