“Tweet others the way you want to be tweeted”- പ്രഗത്ഭയായ അമേരിക്കൻ പത്രപ്രവർത്തകയും എഴുത്തുകാരിയും അഭിനേത്രിയുമായ ജർമനി കെന്റിന്റെ ‘You Are What You Tweet’ എന്ന പുസ്തകത്തിലെ ഉദ്ധരണിയാണ്. ഉദ്ധരണിയും പുസ്തകത്തിന്റെ പേരും ഒരുപോലെ പ്രസക്തമാണ്. സമൂഹമാധ്യമങ്ങളിലും പൊതുമാധ്യമങ്ങളിലും ഒരു വ്യക്തി പറയുന്ന കാര്യങ്ങളും സ്വീകരിക്കുന്ന നിലപാടുകളും അയാളുടെ/അവളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു. “മറ്റുള്ളവര് നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള് ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള് അവരോടും പെരുമാറുവിന്” (ലൂക്കാ 6:31) എന്നതാണ് സകല ധാർമികതയുടെയും അടിസ്ഥാനതത്വം. മാധ്യമ ധാർമികതയ്ക്കും ഇതു ബാധകമാണ്. നിങ്ങൾ എങ്ങനെ ട്വിറ്റ് ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നുവോ, നിങ്ങൾ എങ്ങനെ മാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നുവോ അങ്ങനെതന്നെ മറ്റുള്ളവരെയും അവതരിപ്പിക്കുക. എന്നാൽ, മലയാള മാധ്യമങ്ങൾ പലതിന്റെയും നിലപാടെന്താണ്? വിലയിരുത്തപ്പെടേണ്ടതു തന്നെയാണ്.
പീഡനം
ഉപയോഗത്തിലൂടെ അർഥം മാറിയ ഒട്ടേറെ വാക്കുകൾ മലയാളത്തിലുണ്ട്. ‘പണികിട്ടി’, ‘തേപ്പ്’, ‘പൊളിച്ചു’ തുടങ്ങിയ വാക്കുകൾ ഉദാഹരണങ്ങളാണ്. ഇവയ്ക്ക് ഏതാണ്ട് ഇരുപതു കൊല്ലം മുമ്പുള്ള അർഥമല്ല ശ്രവണമാത്രയിൽ നമ്മുടെ മനസിലേക്കു വരുന്നത്. ‘പീഡനം’ അത്തരത്തിലുള്ള ഒരു പദമാണ്. ‘മറ്റുള്ളവരോട് ബലമായി ചെയ്യുന്ന അനുചിതമായ പെരുമാറ്റം’ എന്നാണ് ശരിയായ അർഥം. ഇത് ശാരീരികമോ മാനസികമോ വൈകാരികമോ ലൈംഗികമോ ഒക്കെയാകാം. എന്നാൽ, മലയാള മാധ്യമങ്ങൾ ഈ വാക്കിനെ ‘ബലാത്സംഗം’ എന്ന ഒറ്റ അർഥത്തിലേക്ക് ഒതുക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേൾക്കുമ്പോൾ സങ്കടവും വേദനയും ഉളവാക്കേണ്ട ഈ വാക്ക് ഇന്ന് ചിലരിലെങ്കിലും കൗതുകവും മൃദുലവികാരങ്ങളും ഉണരാൻ കാരണമാകുന്നു.
പൈങ്കിളിവാർത്തകൾ
ദേശീയവാർത്തകൾ, അന്തർദേശീയ വാർത്തകൾ, കായികവാർത്തകൾ, കൗതുകവാർത്തകൾ എന്നിവപോലെതന്നെ ‘പൈങ്കിളിവാർത്തകൾ’ എന്ന പുതിയൊരു വാർത്താവിഭാഗംകൂടി മലയാളത്തിൽ ആരംഭിക്കേണ്ടിയിരിക്കുന്നു. മഞ്ഞ മാധ്യമപ്രവർത്തനം ലോകത്തെല്ലായിടത്തും ഉണ്ടെങ്കിലും അതിനൊരു മുഖ്യധാരാ സ്വഭാവം കൈവരുന്നത് കേരളത്തിലായിരിക്കും. മറ്റേതെങ്കിലും ദേശത്ത് മുഖ്യധാരാ മാധ്യമങ്ങൾ ഇതുപോലെ പൈങ്കിളിവാർത്തകൾക്കു പുറകെ പായുന്നുണ്ടാവുമോ? അറിയില്ല. പ്രശസ്തരായ ആളുകളെക്കുറിച്ച് ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നുണ്ടാവും. എന്നാൽ, സാധാരണക്കാരുടെ സ്വകാര്യജീവിതത്തിലേക്ക് കാമറക്കണ്ണുകൾ തിരിച്ചുവയ്ക്കാനുള്ള സാധ്യത കുറവാണ്.
സെൻസേഷണലിസം
ഈ ചെറിയ മലയാളത്തിൽ പതിനൊന്ന് മുഖ്യധാരാ വാർത്താ ചാനലുകളുണ്ട്. കൂടാതെ, ധാരാളം ലോക്കൽ ചാനലുകളുമുണ്ട്. ഇവ തമ്മിൽ ശക്തമായ കിടമത്സരം നിലനിൽക്കുന്നു. ആരാദ്യം പറയും എന്നതാണ് ആശങ്ക! പറയുന്നതിൽ വാസ്തവമുണ്ടോ എന്നതിൽ നിശ്ചിന്ത. റേറ്റിംഗ് കൂടുന്നതിനായി വസ്തുതകളേക്കാൾ കൂടുതലായി ഇവർ സെൻസേഷനെ ആശ്രയിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കാൻ സാധിക്കുമെന്നതു മാത്രമല്ല ഇതിന്റെ ഗുണം, മാധ്യമപ്രവർത്തകർക്ക് ജോലിയും എളുപ്പമാകും. ഒരു വാർത്ത ലഭിച്ചാൽ അതിന്റെ പിന്നാമ്പുറങ്ങൾ അന്വേഷിച്ചു പോയി യാഥാർഥ്യങ്ങൾ കണ്ടെത്തി ലോകത്തോടു സത്യം വിളിച്ചുപറയുന്നതിന്റെ പത്തിലൊന്നുപോലും അധ്വാനമോ സമയവ്യയമോ ആവശ്യമില്ല സെൻസേഷനുകൾ ചമയ്ക്കുന്നതിനും അർധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നതിനും. എന്നാൽ, ഇതുമൂലം വ്യക്തികൾക്കും കുടുംബങ്ങൾക്കും അവരുടെ സ്വകാര്യജീവിതത്തിനും സംഭവിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് എത്ര മാധ്യമപ്രവർത്തകർ ചിന്തിക്കുന്നുണ്ട്? വ്യക്തികളുടെ സ്വകാര്യതകൾ വെളിപ്പെടുത്തുക, അവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുക, അവരെക്കുറിച്ച് അവാസ്തവങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയവ, അവരെ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും അകറ്റും. യാതൊരു തെറ്റുംചെയ്യാത്ത കുടുംബാംഗങ്ങൾ അപമാനിക്കപ്പെടും. കൂടാതെ, സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും പ്രേക്ഷകരുടെ ചിന്താഗതികളെയും മാനസികാരോഗ്യത്തെയും വരെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പ്രിയ മാധ്യമപ്രവർത്തകരേ, നിങ്ങളുടെ കർത്തവ്യം സെൻസേഷനല്ല, അൽസേഷനാണ്. നിങ്ങൾ കാവൽക്കാരാണ്, ജനാധിപത്യത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, അവകാശങ്ങളുടെ, ധാർമികതയുടെ, മനുഷ്യത്വത്തിന്റെ, മറ്റു പലതിന്റെയും. അതുകൊണ്ടാണ് നിങ്ങളെ ‘ഫോർത്ത് എസ്റ്റേറ്റ്’ എന്നു വിളിക്കുന്നത്.
മാധ്യമ ധാർമികത
ഏതൊരു പ്രഫഷനും അതിന്റേതായ എത്തിക്സ് ഉണ്ട്; കൂടെ മാധ്യമമേഖലയ്ക്കും. തന്റെ കോഴ്സിന്റെ ഭാഗമായി മീഡിയാ എത്തിക്സ് പഠിക്കാത്ത ഒരു മാധ്യമപ്രവർത്തകനും പ്രവർത്തകയും ഉണ്ടാകാൻ വഴിയില്ല. വാർത്തകൾ ശേഖരിക്കുമ്പോഴും അവതരിപ്പിക്കുമ്പോഴും പാലിക്കേണ്ട സത്യസന്ധത, കൃത്യത, നിഷ്പക്ഷത, തുടങ്ങിയവയെക്കുറിച്ച് അറിയാത്തവരല്ല മാധ്യമപ്രവർത്തകർ. അഭിപ്രായസ്വാതന്ത്ര്യവും പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വവും തമ്മിലുള്ള സന്തുലിതാവസ്ഥ അവർ പാലിക്കേണ്ടതുണ്ട്. വ്യക്തികളുടെ സ്വകാര്യതയും മാന്യതയും സംരക്ഷിക്കാനും തെറ്റായ വിവരങ്ങൾ തടയാനും അവർ ബാധ്യസ്ഥരാണ്. വിശ്വസനീയമായ വിവരങ്ങൾ നൽകാനും സാമൂഹിക സുസ്ഥിരത ഉറപ്പാക്കാനും അവർക്കു കടമയുണ്ട്. എന്നാൽ, കിടമത്സരങ്ങൾക്കിടയിൽ ഇവയൊക്കെ പലരും പലപ്പോഴും മറന്നുപോകുന്നു.