ന്യൂഡൽഹി: പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി സാഹിൽ ലോച്ചാബിന്റെ പരാതിയിൽ ഡൽഹി പോലീസ് കേസെടുത്തു. എഫ്ഐആർ ഇടാൻ തയാറാകാതിരുന്ന പോലീസിന്റെ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹി പോലീസ് ആസ്ഥാനത്ത് നടന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് നടപടി.
ജൂലായ് 20-നുനടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സാഹിൽ ലോച്ചാബിന് പെല്ലറ്റേറ്റ് ഗുരുതര പരിക്കുണ്ടായതിനു പിന്നാലെ ഡൽഹി പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ എഫ്ഐആർ ഇടുകയോ പരാതി ലഭിച്ചതായി രേഖനൽകുകയോ ചെയ്തില്ല. തുടർന്നാണ് രാഹുൽഗാന്ധി വിഷയം ഏറ്റെടുത്തത്.
പരാതി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ന്യൂഡൽഹി ഡിസിപി സച്ചിൻ ശർമ്മയുടെ ഓഫീസിലെത്തിയ രാഹുൽ അദ്ദേഹവുമായി സംസാരിച്ചെങ്കിലും ചർച്ച പരാജയപ്പെട്ടു. ഇതോടെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഡൽഹി പോലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിൽ നേതാക്കൾ ഉറച്ചുനിന്നു.
തുടർന്ന് വൈകിട്ടോടെ പേലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുകയും സാഹിൽ ലോച്ചാബിന്റെ മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. നീതിയിലേക്കുള്ള ആദ്യ കാൽവയ്പ്പാണിതെന്നും ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സമ്മതം ലഭിച്ചശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായതെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.