ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആത്മകഥയായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ' എന്ന പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കില്ലെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ അറിയിച്ചതായി റിപ്പോർട്ട്. പുസ്തകത്തിൽ വരുത്തണമെന്ന് പ്രസാധകർ ആവശ്യപ്പെട്ട ചില തിരുത്തലുകളും മാറ്റങ്ങളും സോണിയാ ഗാന്ധി നിരസിച്ചതിനെ തുടർന്നാണ് തീരുമാനം.
കയ്യെഴുത്തുപ്രതിയുടെ ചില ഭാഗങ്ങളിൽ എഡിറ്റോറിയൽ മാറ്റങ്ങളും ഒഴിവാക്കലുകളും പെൻഗ്വിൻ ഇന്ത്യ നിർദ്ദേശിച്ചിരുന്നു. എന്നാൽ പുസ്തകത്തിന്റെ മൂല്യത്തെയും ഉള്ളടക്കത്തെയും ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾക്ക് ഗ്രന്ഥകർത്താവ് തയ്യാറാകാതിരുന്നതോടെയാണ് പെൻഗ്വിൻ ഇതിൽ നിന്ന് പിന്മാറിയതെന്നാണ് വിവരങ്ങൾ.
പെൻഗ്വിൻ ഇന്ത്യ പിന്മാറിയതോടെ പുസ്തകത്തിന്റെ ഇന്ത്യൻ പതിപ്പിന്റെ പ്രസാധനവും വിതരണാവകാശവും സ്വന്തമാക്കാൻ രാജ്യത്തെ മറ്റ് മുൻനിര പ്രസാധകർ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് കരാർ അന്തിമമാക്കുന്നതിലേക്ക് അടുക്കുകയാണെന്നാണ് സൂചന.