ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്മക ജനകീയ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നിയമാനുസൃതമല്ലെന്നും സമീപകാല തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടുവെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ടാണ് നടപടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു.
മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ നടപടികൾക്ക് അധ്യക്ഷത വഹിച്ചു. യഥാർത്ഥ പാർലമെന്റിന്റെ പ്രവർത്തനരീതിക്ക് സമാനമായ രീതിയിലാണ് പ്രതീകാത്മക വിചാരണ സംഘടിപ്പിച്ചത്. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിന്റെ മാതൃകയിലായിരുന്നു വേദിയും ഇരിപ്പിട ക്രമീകരണവും. ലോക്സഭയും രാജ്യസഭയും സംയുക്തമായി സമ്മേളിച്ചിരുന്ന സെൻട്രൽ ഹാളിന് സമാനമായി പുൽത്തകിടിയിൽ ഇരിപ്പിടങ്ങൾ ഒരുക്കുകയും വേദിയിൽ മീരാ കുമാറിന് പ്രത്യേക ഇരിപ്പിടം സജ്ജീകരിക്കുകയും ചെയ്തു.
വോട്ടർമാരുടെ അവകാശങ്ങൾ നിഷേധിച്ചുവെന്നും സുപ്രീംകോടതിയിൽ തെറ്റായ സത്യവാംഗ്മൂലം സമർപ്പിച്ചുവെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് ഗ്യാനേഷ് കുമാറിനെതിരായ പൗര കുറ്റപത്രവും പ്രതിപക്ഷം അവതരിപ്പിച്ചു. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കു പുറമെ മുൻ സുപ്രീംകോടതി ജഡ്ജിമാർ, നിയമവിദഗ്ധർ, സാമൂഹിക പ്രവർത്തകർ എന്നിവരും പ്രതീകാത്മക പാർലമെന്ററി നടപടികളിൽ പങ്കാളികളായി.
പ്രതിഷേധ പരിപാടിയുടെ പശ്ചാത്തലത്തിൽ ഖാർഗെയുടെ വസതിക്ക് മുന്നിലും ഡൽഹിയിലെ പ്രധാന മേഖലകളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം പരിപാടിക്കെതിരെ പരിഹാസവുമായി ബിജെപി രംഗത്തെത്തി. യഥാർത്ഥ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിയാത്ത രാഹുൽ ഗാന്ധി തനിക്ക് ഇഷ്ടമുള്ള പാർലമെന്റിൽ ഇരിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പരിഹാസം.
ഡൽഹിയിലെ രാംലീല മൈതാനിയിൽ നവംബർ ഒന്നിന് നടക്കാനിരിക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് മുന്നോടിയായാണ് പ്രതീകാത്മക പാർലമെന്റ് സമ്മേളനം നടന്നത്. മുഖ്യമന്ത്രിമാരും പ്രമുഖ പ്രതിപക്ഷ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. പ്രതിപക്ഷ പാർട്ടികൾക്കൊപ്പം പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന കോക്ക്റോച്ച് ജനത പാർട്ടി ഉൾപ്പെടെയുള്ള സംഘടനകളും റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആം ആദ്മി പാർട്ടി ഉൾപ്പെടെ ചില സംഘടനകൾ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.