ഉത്തരേന്ത്യൻ വാങ്ങലുകാരുടെ കുതന്ത്രങ്ങൾ ഇവിടെ വിലപ്പോവില്ലെന്നു വ്യക്തമായതോടെ കുരുമുളക് വില ഉയർത്താൻ അവർ തയാറായി, ഉത്സവകാല വില്പനയ്ക്ക് വൻതോതിൽ ചരക്ക് ആവശ്യമുള്ളതിനാൽ നിരക്ക് ഇടിച്ച് കർഷകരിൽ ഭീതി ജനിപ്പിക്കാൻ തൊട്ട് മുൻ വാരം അവർ നീക്കം നടത്തിയിരുന്നു.
ജപ്പാൻ ഒസാക്കയിൽ റബർ കിലോ 400 യെന്നിനു മുകളിൽ ഇടംപിടിച്ചു. മുൻനിര ഉത്പാദക രാജ്യങ്ങളിലെ രൂക്ഷമായ ചരക്ക് ക്ഷാമം കണക്കിലെടുത്താൽ 424 യെന്നിലേക്കു റബർ സഞ്ചരിക്കാം. നാളികേരോത്പന്നങ്ങളുടെ വില വീണ്ടും ഇടിഞ്ഞു.
കരുതൽ ശേഖരം ഉയർത്തണം
എൽ ലിനോ പ്രതിഭാസങ്ങൾക്കിടയിൽ പകൽ താപനില കുതിച്ചു കയറിയതോടെ കാർഷിക മേഖലയിൽ ഒട്ടുമിക്ക വിളകളും നിലനിൽപ്പ് ഭീഷണിയിൽ. വരണ്ടുണങ്ങിയ തോട്ടങ്ങൾക്കു പുതുജീവൻ പകരാൻ ജലസേചന മാർഗങ്ങൾ ആരായുകയാണു വലിയൊരു വിഭാഗം കർഷകർ. ഇതിനിടയിൽ തെക്കു പടിഞ്ഞാറൻ കാലവർഷം കൃത്യ സമയത്തുതന്നെ എത്തുമെന്ന വിലയിരുത്തലുകളുമായി വിദേശ കാലാവസ്ഥ ഏജൻസികളും രംഗത്തുണ്ട്.
അതേസമയം, ഒക്ടോബർ വരെയുള്ള കാലയളവിൽ എൽ നിനോ പ്രതിഭാസം മൂലം മഴയുടെ അളവിൽ കുറവ് സംഭവിക്കുമെന്ന ലോക കാലാവസ്ഥ സംഘടനയുടെ കണക്കുകൂട്ടൽ വിരൽ ചൂണ്ടുന്നത് ഗുരുതര പ്രത്യാഘാതങ്ങളെ നമ്മുടെ കാർഷിക മേഖല ഈ വർഷം അഭിമുഖീകരിക്കേണ്ടി വരുമെന്നാണ്. മുൻകരുതലെന്ന നിലയ്ക്ക് ഉത്പന്നങ്ങളുടെ കരുതൽ ശേഖരം ഉയർത്തുകയാണ് ഉത്തമം. അടുത്ത വർഷം സുഗന്ധവ്യഞ്ജനങ്ങളുടെ വിളവ് കുത്തനെ കുറയാനുള്ള സാധ്യത റിക്കാർഡ് വിലയ്ക്ക് വഴിയൊരുക്കാം.
കറിമസാല വ്യവസായികൾ കുരുമുളക് ശേഖരം ഉയർത്തി
കുരുമുളകിനു ക്ഷാമം തുടരുന്നതിനാൽ ഉത്തരേന്ത്യയിലെ വൻകിട സുഗന്ധവ്യഞ്ജന കറിമസാല വ്യവസായികൾ മുളക് ശേഖരിക്കാൻ വാരാന്ത്യം വിപണിയിൽ ഉത്സാഹിച്ചു. തൊട്ട് മുൻവാരം വിപണിയിൽ കൃത്രിമമായി ഇടിച്ചുതാഴ്ത്തിയ വിലയ്ക്കു മുളക് സംഭരിക്കുന്ന തന്ത്രം അവർ പയറ്റിയെങ്കിലും കർഷകരും മധ്യവർത്തികളും മുളക് ഇറക്കിയില്ല. കാലവർഷം ആരംഭിച്ചാൽ ഉണക്ക് കൂടിയ മുളക് സംഭരണം ക്ലേശകരമാകും. കൊച്ചിയിൽ കുരുമുളക് അൺഗാർബിൾഡ് 69,900 രൂപയിൽനിന്നും 70,500 രൂപയായി. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 7850 ഡോളർ.
ടാപ്പിംഗ് പുനരാരംഭിക്കൽ വൈകും
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ ബുള്ളിഷ് മൂഡിൽ നീങ്ങുന്നതു കണ്ട് നിക്ഷേപകർ പുതിയ ബാധ്യതകൾക്ക് ഉത്സാഹിച്ചു. ഒസാക്കയിൽ റബർ ഒക്ടോബർ അവധി കിലോ 400 യെന്നിനു മുകളിലാണ്, പിന്നിട്ട വാരം നിരക്ക് മൂന്നര ശതമാനം ഉയർന്നു. യെന്നിന്റെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരെ റബറിലേക്ക് ആകർഷിച്ചു.
ക്രൂഡ് ഓയിൽ വിലക്കയറ്റം സിന്തറ്റിക്ക് റബർ വില ഉയർത്തിയത് സ്വാഭാവിക റബറിന് അനൂകൂലമായി. പുതിയ സാഹചര്യത്തിൽ 410 യെന്നിലെ പ്രതിരോധം വിപണി മറികടന്നാൽ 424നെ ലക്ഷ്യമാക്കാം.
കേരളത്തിൽ അതിശക്തമായ ചൂട് തുടരുന്നതിനാൽ തത്കാലം റബർ ടാപ്പിംഗ് പുനരാരംഭിക്കുന്ന കാര്യം ചിന്തിക്കാനാവില്ല. ഇതിനിടയിൽ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം ഇക്കുറി തോട്ടങ്ങളിൽ മഴമറ ഒരുക്കുന്ന ചെലവ് ഇരട്ടിക്കും, നിർമാതാക്കൾ റെയിൻ ഗാർഡ് വില ഉയർത്തി. മറുവശത്ത് രാസവസ്തുകളുടെ ഇറക്കുമതി ചുരുങ്ങിയത് രാസവള നിർമാണം 25 ശതമാനം കുറയാൻ കാരണമായി. ഇതും കാർഷിക മേഖലയ്ക്ക് കനത്ത പ്രഹരമാകും.
കൊച്ചിയിൽ നാലാം ഗ്രേഡ് റബർ 23,100 രൂപയിൽ നിന്നും 24,200 രൂപയായി. അഞ്ചാം ഗ്രേഡിന് 1000 രൂപ വർധിച്ച് 23,800 രൂപ. ഒട്ടുപാൽ കിലോ 153 രൂപയിലും ലാറ്റക്സ് 154 രൂപയിലുമാണ്. ഷീറ്റിനു കടുത്ത ക്ഷാമം തുടരുന്നതിനാൽ വില്പനക്കാർ പറയുന്ന വിലയ്ക്ക് കച്ചവടങ്ങളിൽ ഏർപ്പെടാൻ സപ്ലെയർമാർ മുന്നോട്ട് വന്നു.
ഉയർന്ന പകൽ താപനില മൂലം തായ്ലാൻഡിലും വിയറ്റ്നാമിലും ടാപ്പിംഗിനു തടസം നേരിട്ടു. ബാങ്കോക്കിൽ ഷീറ്റ് വില കിലോ 257 രൂപയിലേക്ക് ഉയർന്നു. അവിടെയും വില്പനക്കാർ കുറഞ്ഞ സാഹചര്യത്തിൽ ഇനി തത്കാലം ഇറക്കുമതി ഭീഷണിക്ക് ടയർ ലോബി മുതിരില്ല. ഇതിനിടയിൽ ആഭ്യന്തര വില 250 മുകളിൽ ഇടം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ.
ഏലക്കക്ക് വൻ കുതിപ്പ്
ഏലക്ക ലേലത്തിൽ ഉയർന്ന അളവിൽ ചരക്ക് വില്പനയ്ക്ക് ഇറങ്ങുന്നുണ്ട്. ഏലക്ക സംഭരണത്തിനു കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും പരസ്പരം മത്സരിച്ചതോടെ മികച്ചയിനങ്ങളുടെ വില കിലോ 6024 രൂപ വരെ ഉയർന്നു, കോവിഡ് കാലയളവിനു ശേഷം ആദ്യമായാണ് ഏലക്ക ഇത്തരത്തിൽ ഒരു കുതിച്ചു ചാട്ടം കാഴ്ചവയ്ക്കുന്നത്. വാരാന്ത്യം ശരാശരി ഇനങ്ങൾ 2636 രൂപയിലാണ്.
വെളിച്ചെണ്ണയ്ക്ക് ഇടിവ്
വെളിച്ചെണ്ണ വില വീണ്ടും താഴ്ന്നു, തമിഴ്നാട് വിപണിയായ കാങ്കയത്ത് വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ കുറഞ്ഞതോടെ അവർ നിരക്ക് താഴ്ത്തിയത് കൊച്ചിയിലും എണ്ണ വില കുറയാൻ കാരണമായി. രണ്ട് സംസ്ഥാനങ്ങളിലും കൊപ്ര വിലയിലും കുറവുണ്ടായി.
ഗ്രാമീണ മേഖല പച്ചത്തേങ്ങ വിൽപ്പന നിയന്ത്രിച്ചാൽ വിലയിടിവിനെ ചെറിയ അളവിൽ പിടിച്ചുനിർത്താനാവും. പ്രാദേശിക തലത്തിൽ വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് മങ്ങിയതോടെ എണ്ണ വില 26,700 നിന്നും 26,300 രൂപയായി. കൊപ്ര 15,800 രൂപയിൽ നിന്നും 15,550 രൂപയായി.