ന്യൂഡൽഹി: പാർലമെന്റ് അംഗമായി ഒരു ദിവസം സേവനമനുഷ്ഠിച്ചാൽ പോലും പെൻഷന് അർഹതയുണ്ട്. നിലവിലെ നിയമമനുസരിച്ച് വിരമിക്കുന്ന എംപിമാർക്ക് പ്രതിമാസം 25,000 രൂപ അടിസ്ഥാന പെൻഷനായി ലഭിക്കും. അഞ്ച് വർഷത്തിലധികം സേവനമനുഷ്ഠിച്ച ഓരോ വർഷത്തിനും പ്രതിമാസം 2,000 രൂപ വീതം അധികമായി ലഭിക്കും.
ഒരാൾ അഞ്ച് വർഷം എംപി ആയിരുന്നാൽ അയാൾക്ക് 31,000 രൂപയോളം പെൻഷൻ ലഭിക്കാം. ഏഴ് വർഷം പൂർത്തിയാക്കിയവർക്ക് ഏകദേശം 36,000 രൂപ ലഭിക്കും. കാലാവധിയിലെ അവസാന വർഷം ഒന്പത് മാസത്തിലധികം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ അത് ഒരു വർഷമായി തന്നെ കണക്കാക്കും.
രാജ്യത്തെ ഏത് ട്രെയിനിലും ഫസ്റ്റ് ക്ലാസ് എസിയിൽ സൗജന്യമായി യാത്ര ചെയ്യാം. ഒരു സഹായി കൂടെയുണ്ടെങ്കിൽ ഇരുവവർക്കും സെക്കൻഡ് എസിയിൽ സൗജന്യ യാത്രയ്ക്ക് അർഹതയുണ്ട്. ഇതിനായി സെക്രട്ടേറിയറ്റിൽ നിന്ന് പ്രത്യേക കാർഡ് കൈപ്പറ്റണം.
സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം പ്രകാരം വിരമിച്ച എംപിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്. നിലവിൽ രാജ്യസഭാ എംപിമാരുടെ ശമ്പളം പ്രതിമാസം ഒരു ലക്ഷം രൂപയാണ്. ഇതിന് പുറമേ മണ്ഡലം അലവൻസായി 70,000 രൂപയും ഓഫീസ് ചെലവുകൾക്കായി 60,000 രൂപയും ഇവർക്ക് ലഭിക്കുന്നുണ്ട്. വിരമിക്കുന്നതോടെ ഈ അലവൻസുകൾ നിർത്തലാക്കുമെങ്കിലും നിശ്ചിത പെൻഷൻ തുക ആജീവനാന്തം ലഭിക്കും.