പൂച്ചാക്കൽ: ചേർത്തല പെരുമ്പളം പഞ്ചായത്തിലെ ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്നു. നിർമാണം പൂർത്തികരിച്ച പാലത്തിന്റെ ഉദ്ഘാടനം മാർച്ച് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2019ലാണ് ദ്വീപിനെ മറുകരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടത്.ഇതോടെ വേമ്പനാട്ടു കായലാൽ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പാലം എന്ന ചിരകാല സ്വപ്നത്തിന് ചിറകുമുളയ്ക്കുകയാണ്.
1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. പാലം വരും മുമ്പ് വള്ളവും ബോട്ടുമായിരുന്നു മറുകരയിലേക്ക് കടക്കാൻ ഏക ആശ്രയമായിരുന്നത്. രാത്രിസമയങ്ങളിൽ ആശുപത്രിയിൽ പോകുന്നതുൾപ്പെടെ ദുരിതമനുഭവിച്ചിരുന്ന ഭൂതകാലത്തോട് വിട പറയുന്നതിനുള്ള സന്തോഷത്തിലാണ് ദ്വീപ് നിവാസികൾ. ഏഴു ദിവസത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചാണ് പാലം ഉദ്ഘാടനത്തെ നാട്ടുകാർ വരവേൽക്കുക.
ഏഴു നിറങ്ങളിൽ തിളങ്ങി പാലം
പാലത്തിന്റെ കൈവരികളിലും ആർച്ചിലും ഏഴു നിറങ്ങൾ നൽകി മാരിവില്ലഴകിൽ തിളങ്ങിയാണ് പാലം നിൽക്കുന്നത്. മധ്യഭാഗത്തായി ബോസ്ട്രിംഗുകൾ. വില്ലും ഞാണും ചേർന്ന രൂപം. ആ ഭാഗത്ത് പാലത്തിന് 12 മീറ്റർ വീതിയുണ്ട്. ബാക്കി ഭാഗത്ത് 11 മീറ്ററും. ചേർത്തല-അരൂക്കുറ്റി റോഡിൽനിന്നും പെരുമ്പളം വഴി പൂത്തോട്ട, വൈക്കം , തൃപ്പൂണിത്തുറ സംസ്ഥാന പാതയിൽ എത്തുന്ന ആദ്യഘട്ടമാണ് പെരുമ്പളം പാലം.
പെരുമ്പളത്തിന് ഇനി സ്വന്തം ജങ്കാർ
മുൻ എംഎൽഎ എ.എം. ആരിഫിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ജങ്കാർ ഇനി മുതൽ പഞ്ചായത്തിന് സ്വന്തം. ഈ ജങ്കാറാണ് നിലവിൽ പെരുമ്പളം -മാർക്കറ്റ് ജെട്ടി -പാണാവള്ളി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നത്. ദ്വീപിൽ ഭൂരിഭാഗം വീടുകളിലും വാഹനങ്ങളുണ്ട്. പാലം തുറക്കുന്നതോടെ സമയം നോക്കാതെ യാത്ര ചെയ്യാനാവും.
വേമ്പനാട്ടുകായലിലെ ദേശീയ ജലപാതയ്ക്കു കുറുകെയാണ് നിർമാണം. ബോസ് ട്രിംഗ് ആർച്ച് മാതൃകയിലാണ് രൂപരേഖ. വടുതല ഭാഗത്ത് 300 മീറ്റർ നീളത്തിലും പെരുമ്പളത്ത് 250 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡ്. ഇതിനായി വടുതല ഭാഗത്ത് 70 സെന്റും പെരുമ്പളത്ത് 184 സെന്റുമാണുള്ളത്.
രണ്ടുവരിയിൽ 7.5 മീറ്റർ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതമുള്ള നടപ്പാതയും പാലത്തിനുണ്ട്. വിനോദസഞ്ചാര വികസനം ഉൾപ്പെടെ സാധ്യതകൾ ഏറെയുണ്ടായിരുന്നിട്ടും യാത്രാസൗകര്യം പ്രധാന തടസമായിരുന്നു. പാലം യാഥാർഥ്യമാകുന്നതോടെ നാടിന്റെ മുഖച്ഛായ മാറും.
ടൂറിസം സാധ്യത വർധിക്കും
പാലം ഉദ്ഘാടനം ചെയ്യുന്നതോടെ പെരുമ്പളം ദ്വീപിലെ ടൂറിസം സാധ്യതയും വർധിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ. ഉദയവും അസ്തമയവും ഒരിടത്തിരുന്ന് കാണാനും നാടൻ രുചികൾ നേരിട്ടറിയാനും ഒരു ഗ്രാമത്തിന്റെ തനത് ഭാവം അറിയാനും വിനോദ സഞ്ചാരികളുടെ വരവ് വർധിക്കും.