ചണ്ഡീഗഡ്: പഞ്ചാബിലെ പട്യാലയിൽ വളർത്തുനായയുടെ ആക്രമത്തിൽ ദമ്പതികൾക്ക് പരിക്ക്. അങ്കിത് സഭർവാൾ, ഭാര്യ ഷിഫാലി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വാടകയ്ക്ക് എടുക്കാനിരുന്ന വീട് കാണാൻ എത്തിയപ്പോഴാണ് സംഭവം. വീടിന്റെ ഗേറ്റ് തുറന്ന ഉടനെ അകത്തുനിന്നു ചാടിവീണ നായ ഷിഫാലിയെ ആക്രമിക്കുകയായിരുന്നു. നിലവിൽ ഷിഫാലി ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അങ്കിതിന് കടിയേറ്റത്.
ആക്രമണം കണ്ട് ഓടിയെത്തിയ നാട്ടുകാർ വടികൊണ്ട് നായയെ അടിച്ച് മാറ്റുകയായിരുന്നു. അപകടകരമായ നായകളെ തുറന്നുവിട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.