ന്യൂഡൽഹി: ഭാവിയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ബദൽ ഇന്ധനങ്ങളിലേക്ക് വാഹന നിർമാതാക്കൾ എത്രയും വേഗം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ബസ്വേൾഡ് ഇന്ത്യ കോൺക്ലേവ് 2025'-ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ പൊതുഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സിഎൻജി, എൽഎൻജി, ബയോ ഫ്യൂവലുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലേക്ക് കമ്പനികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി രാജ്യത്തിന് വലിയ സാമ്പത്തിക ഭാരവും പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.
ഭാവിയിലെ ഇന്ധനം ഹൈഡ്രജനാണ്. രാജ്യത്തെ 10 പ്രധാന റൂട്ടുകളിൽ ഹൈഡ്രജൻ ട്രക്കുകളും ബസുകളും പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ചു തുടങ്ങിയിട്ടുണ്ട്. ടാറ്റാ മോട്ടോഴ്സ്, വോൾവോ, അശോക് ലെയ്ലൻഡ് തുടങ്ങിയ മുൻനിര കമ്പനികൾ ഈ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ഇന്ത്യയിൽ സുലഭമായി നിർമ്മിക്കാൻ കഴിയുന്ന എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന ഫ്ലെക്സ്-ഫ്യൂവൽ എഞ്ചിനുകൾ വികസിപ്പിക്കാൻ നിർമാതാക്കൾ തയ്യാറാകണം.
ബസുകളുടെ ബോഡി നിർമ്മാണത്തിലും സുരക്ഷയിലും ഇനി സ്വയം സാക്ഷ്യപ്പെടുത്തൽ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിസിക്കൽ, വീഡിയോ പരിശോധനകൾക്ക് ശേഷം മാത്രമേ 'വാഹൻ' പോർട്ടലിൽ രജിസ്ട്രേഷൻ അനുവദിക്കൂ. ഗുണമേന്മയ്ക്കും സുരക്ഷയ്ക്കുമായിരിക്കണം കമ്പനികൾ മുൻഗണന നൽകേണ്ടത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് 1.5 ലക്ഷം ഇലക്ട്രിക് ബസുകളുടെ ആവശ്യകത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ നിലവിൽ പ്രതിവർഷം 70,000 ബസുകൾ നിർമ്മിക്കാനുള്ള ശേഷി മാത്രമേ ഇന്ത്യയ്ക്കുള്ളൂ. ഈ വിടവ് നികത്താൻ നിർമ്മാതാക്കൾ കൂടുതൽ നിക്ഷേപം നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.