തന്റെ മോട്ടിവേഷന്‍ ക്ലാസിനിടയില്‍ കാല്പന്തിനെക്കുറിച്ചും സന്തോഷ് ട്രോഫിയെക്കുറിച്ചും പറയാറുണ്ടായിരുന്ന സ്റ്റീഫന്‍ ആന്റണി കല്ലറയ്ക്കല്‍ ഒരിക്കല്‍ വിദ്യാര്‍ഥികളോട് കേരളത്തിന്റെ ‘പറക്കും ഗോളി ’ എന്നറിയപ്പെട്ടിരുന്നത് ആരാണെന്ന് ചോദിച്ചു. അവര്‍ കായിക വിദ്യാര്ഥികളായിരുന്നിട്ടുകൂടി വിക്ടര്‍ മഞ്ഞില എന്ന് പറയാതെയായപ്പോള്‍ അദ്ദേഹം ആകെ അസ്വസ്ഥനായി. ഇന്ത്യന്‍ താരവും കേരളം കണ്ട ഏറ്റവും മികച്ച ഗോളിയുമായിരുന്ന മഹാനായ ഗോള്കീപ്പറെപ്പോലും പുതുതലമുറയ്ക്ക് അറിയില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ വലിയ ഒരു ദൗത്യത്തിനായി പ്രേരിപ്പിച്ചത്.
ഒരൊറ്റ ചോദ്യം; ഒരു മഹായാത്രയുടെ തുടക്കം
സന്തോഷ് ട്രോഫിയിലെ കളിക്കാരെ കേരളത്തിന് പരിചയപ്പെടുത്തുക എന്ന വലിയ ദൗത്യവുമായി 2022 ജനുവരിയില്‍ ആ മഹായാത്ര ആരംഭിച്ചു. കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയുള്ള മുന്‍ സന്തോഷ് ട്രോഫി താരങ്ങളെത്തേടി അവരുടെ വീടുകളില്‍ എത്തി. കേരള ഫുട്ബോളിന്റെ ചരിത്രം പടുത്തുയര്‍ത്തിയ സകല താരങ്ങളെയും കണ്ടെത്തി അവരുടെ ഓര്‍മകള്‍ കേട്ടു. വിജയഗാഥകളും പരാജയങ്ങളും വേദനകളും സന്തോഷങ്ങളും എല്ലാം പുതുതലമുറയ്ക്കായി രേഖപ്പെടുത്തി.
ഒരുകാലത്ത് കളിക്കളത്തില്‍ കേരളത്തിന്റെ അഭിമാനമായിരുന്ന മനുഷ്യര്‍ തങ്ങളുടെ ഓര്‍മയുടെ വാതായനങ്ങള്‍ തുറന്നപ്പോള്‍ പുറംലോകമറിയാത്ത നിരവധി കഥകള്‍ പുറത്തുവന്നു. ഒരു മത്സരത്തിലെ അവസാനനിമിഷം, നിര്‍ണായ ഗോള്‍, അദ്ഭുതകരമായ സേവ്, അവിശ്വസനീയ വിജയം, വിജയാഹ്ലാദം, പരാജയത്തിന്റെ വേദന, ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ജഴ്സി അണിഞ്ഞതിന്റെ അഭിമാനം, കളിക്കളത്തില്‍നിന്ന് പടിയിറങ്ങിയശേഷമുള്ള നിശബ്ദത എല്ലാം സ്റ്റീഫന്‍ ചികഞ്ഞെടുത്ത് ചരിത്രമാക്കി.
70,000 കിലോമീറ്റര്‍; പിറന്നത് ചരിത്രം
സ്റ്റീഫന്‍ വണ്ടിയോടിച്ചു; അഭിമുഖം നടത്തി.ഭാര്യ മോളി സ്റ്റീഫന്‍ സന്തോഷ് ട്രോഫിയുടെ കാണാക്കഥകള്‍ കാമറയിലാക്കി. അങ്ങനെ 70,000 കിലോമീറ്ററിലധികം സഞ്ചരിച്ച് ഒരു കുടുംബം നടത്തിയ മഹായാത്ര ഒരു ഫുട്ബോള്‍ തീര്‍ത്ഥാടനമായി മാറി. ഒപ്പം ഫുട്ബോളിന്റെ ചരിത്രസംരക്ഷണ ദൗത്യവുമായി .200ലധികം ദേശീയ അന്തര്‍ദേശീയ താരങ്ങളെയും പരിശീലകരെയും ‘കേരളവും സന്തോഷ് ട്രോഫിയും’ എന്ന ടാഗ് ലൈനില്‍ സ്പര്‍ശം ആര്‍ട്സ് എന്ന യൂട്യൂബ് ചാനലിലൂടെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി.
‘ഇതില്‍ സന്തോഷ് ട്രോഫി കന്നിക്കിരീടം നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ടി.എ. ജാഫര്‍, കേരളത്തിന്റെ മറഡോണ എന്നറിയപ്പെട്ടിരുന്ന നജീമുദീന്‍, പ്രശസ്ത കോച്ചും കളിക്കാരനുമായിരുന്ന ടി.കെ. ചാത്തുണ്ണി, കെഎഫ്എ വൈസ് പ്രസിഡന്റുകൂടിയായിരുന്ന പി. പൗലോസ്, ദേവാനന്ദ് തുടങ്ങി പതിനഞ്ചോളം പേര് മണ്മറഞ്ഞു. ഇനിയും പലരും നമ്മെ വിട്ടുപോകും. സ്കോര്‍ബോര്‍ഡുകള്‍ മായും. ട്രോഫികള്‍ ഷെല്ഫുകളില് പൊടി പിടിക്കും. പക്ഷേ, കളിക്കാരുടെ ഓര്‍മകള്‍ മരിക്കരുത്, ജീവനോടെ നിലനില്‍ക്കണം. അത് ചരിത്രപുസ്തകങ്ങളില്‍ മാത്രം ഇടംപിടിക്കാതെ ജീവിക്കുന്ന മനുഷ്യരിലൂടെ സഞ്ചരിക്കണം; ഉദ്ഘോഷിക്കണം. അതായിരുന്നു യാത്രയുടെ ലക്ഷ്യം. അതു നൂറു ശതമാനവും വിജയിച്ചു.’ സ്റ്റീഫന്‍ പറഞ്ഞു.
ലോകകപ്പ് ആവേശം പുതുതലമുറയിലേക്ക്
പഴയ കളിക്കാരുടെ പേരുകള്‍ പുതുതലമുറയ്ക്ക് പരിചിതമാക്കിയതിനൊപ്പം ഇക്കഴിഞ്ഞ ലോകകപ്പിന്റെ ആവേശം ഇളംതലമുറയിലേക്ക് പകരാനും സ്റ്റീഫന്‍ പദ്ധതിയിട്ടു. ‘ലഹരി വിമുക്ത ബാല്യം’, ‘കളിക്കളമാണ് ലഹരി’ എന്നീ സന്ദേശങ്ങളുയര്‍ത്തി ലോകകപ്പ് കൗണ്ട് ഡൗണ്‍ ഷോ സംഘടിപ്പിച്ചു. 2026 മാര്‍ച്ച് മൂന്നു മുതല്‍ ജൂണ്‍ 11 വരെ. 100 ദിനങ്ങള്‍ കൊണ്ട് 11 ജില്ലകളിലെ സ്കൂളുകള്‍, കോളജുകള്‍, ഫുട്ബോള്‍ അക്കാദമികള്‍ എന്നിവിടങ്ങളിലായി 105 ലോകകപ്പ് കൗണ്ട് ഡൗണ്‍ ഷോകള്‍ നടത്തി . കുട്ടികളുടെ മനസില്‍ ഫുട്ബോളിനോടുള്ള കൗതുകവും സ്വപ്നവും വളര്‍ത്താനുള്ള ഈ യാത്രയില്‍ കുട്ടികളും വെറ്ററന്‍സും തമ്മിലും യുവാക്കളും തമ്മിലും സൗഹൃദ മത്സരങ്ങളും പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരങ്ങളും ഫുട്ബോള്‍ ചര്‍ച്ചകളും പ്രശ്നോത്തരികളും എല്ലാം ഉണ്ടായിരുന്നു. ഇവയുടെയെല്ലാം ചിത്രങ്ങളും ദൃശ്യങ്ങളും ചേര്‍ത്ത് നവംബര്‍ അഞ്ചു മുതല്‍ ഏഴു വരെ എറണാകുളം ദര്‍ബാര്‍ ഹാളില്‍ ഒരു എക്സിബിഷനും ഫൗണ്ടേഷന് ആസൂത്രണം ചെയ്തിട്ടുണ്ട്.
കേരളത്തില്‍നിന്ന് ലോകകപ്പ് താരങ്ങള്‍
ഫിഫ ലോകകപ്പ് ഫുട്ബോള്‍ കളിക്കുന്ന താരങ്ങളെ കേരളത്തില്‍ വാര്‍ത്തെടുക്കുക, ഇന്ത്യന്‍ ടീമിലേക്ക് ഒരു ഡസന്‍ താരങ്ങളെയെങ്കിലും പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍നിന്ന് സംഭാവന ചെയ്യുക എന്നിവയാണ് സ്റ്റീഫന്‍ ആന്റണിയുടെയും കല്ലറയ്ക്കല്‍ ഫൗണ്ടേഷന്റെയും സ്വപ്നം. അതിനായി 2028ല്‍ സ്റ്റീവ്സ് റസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കാനുള്ള ആസൂത്രണത്തിലാണ് ഇദ്ദേഹം. ഭാര്യ മോളിക്കു പുറമേ മക്കളായ സാറയും ട്രീസയും അപ്പന്റെ സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ പിൻതുണയുമായി കൂടെയുണ്ട്.