രാജസ്ഥാനിലെ പ്രശസ്തമായ ചരിത്രനഗരമായ ജയ്പൂരിലെ ശുചിത്വമില്ലായ്മ തുറന്നുകാട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നു.
നഗരത്തിലെ പ്രധാന വാണിജ്യമേഖലയിൽ അടിഞ്ഞുകൂടിയ മാലിന്യത്തിന് നടുവിൽ നിൽക്കുന്ന പശുവിന്റെ ചിത്രങ്ങൾ വിദേശവിനോദസഞ്ചാരികൾ ക്യാമറയിൽ പകർത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സെപ്റ്റംബർ ആദ്യവാരം പ്രചരിക്കാൻ തുടങ്ങിയ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. കോട്ടകളും കൊട്ടാരങ്ങളും കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികൾ എത്തുന്ന നഗരത്തിൽ തെരുവുകളിലെങ്ങും അവശിഷ്ടങ്ങളും കെട്ടിക്കിടക്കുന്ന മലിനജലവും നിറഞ്ഞ അവസ്ഥയാണുള്ളത്.
ഈ സംഭവം മുൻനിർത്തി പ്രാദേശിക ഭരണകൂടത്തിന്റെ വീഴ്ചകളെയും പൗരബോധമില്ലായ്മയെയും വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തി.
മുൻപ് സംരക്ഷണ വീഴ്ചകളെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിൽ, നഗരത്തിന്റെ പൈതൃക പദവി തന്നെ ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുന്നുണ്ടെങ്കിലും മാലിന്യനിർമാർജനത്തിൽ മാറ്റമൊന്നുമില്ലെന്നാണ് ഉയർന്നുവരുന്ന പ്രധാന വിമർശനം. എന്നാൽ ഉയർന്ന ജനരോഷത്തിനിടയിലും സംഭവത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.