തിരുവനന്തപുരം: കളിയാരവത്തിന് കാര്യവട്ടം തയാർ. റണ്ണൊഴുകുന്ന പിച്ചും റെഡി. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ കാര്യവട്ടം സാക്ഷ്യംവഹിക്കും.
സംഘാടകര്‍ക്കും ക്രിക്കറ്റ് ആരാധകര്‍ക്കും ആകെയുള്ള ആശങ്ക മഴ മത്സരത്തെ ബാധിക്കുമോ എന്നതാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന ഞായറാഴ്ച വലിയ മഴ പെയ്യില്ലെന്നാണ്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനം മഴയിൽ മുടങ്ങിയിരുന്നു.
ഇന്നലെ വൈകുന്നേരം ഇന്ത്യന്‍ ടീം കാര്യവട്ടത്ത് പരിശീലനം നടത്തി. വൈകുന്നേരം അഞ്ചിന് ആരംഭിച്ച പരിശീലനം രാത്രി എട്ടുവരെ തുടര്‍ന്നു. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങളെല്ലാം മുഴുവന്‍ സമയവും പരിശീലനത്തിനിറങ്ങി.
വില്പന ആരംഭിച്ച് 12 മണിക്കൂറിനുള്ളില്‍ ടിക്കറ്റുകള്‍ എല്ലാം വിറ്റുതീര്‍ന്നിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും കെ.എൽ. രാഹുലും ഉള്‍പ്പടെയുള്ള ബാറ്റിംഗ് നിര പോരാട്ടത്തിനിറങ്ങുമ്പോള്‍ കാര്യവട്ടത്ത് ക്രിക്കറ്റ് പ്രേമികള്‍ക്ക് മികച്ച ഒരു ബാറ്റിംഗ് വിരുന്ന് പ്രതീക്ഷിക്കാം.
ഷായ് ഹോപ്പിന്റെ നേതൃത്വത്തിലിറങ്ങുന്ന വിന്‍ഡീസ് സംഘത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള റോസ്റ്റണ്‍ ചേസ്, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്, ഷമര്‍ ജോസഫ് തുടങ്ങിയവര്‍ ടീമിന്റെ കരുത്താണ്.