കൊട്ടിയം : കൊട്ടിയം ചൂരൽ പൊയ്കയിലെ ടാർ മിക്സിംഗ് പ്ലാന്റ് ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിനും സമീപ പ്രദേശങ്ങളിലെ ജനവാസ മേഖലയ്ക്കും ആരോഗ്യഭീഷണിയുയർത്തുന്ന വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ നടത്തി യത് ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നു.
കഴിഞ്ഞ ദിവസം സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, സ്കൂൾ അധികൃതർ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശത്തെ വയോജനങ്ങൾ, വൃദ്ധസദന ഭാരവാഹികൾ, സമീപ സ്കൂളുകളിലെ പിടിഎ പ്രതിനിധികൾ, രക്ഷിതാക്കൾ, റൈസിംഗ് കൊട്ടിയം ഭാരവാഹികൾ, ചൈൽഡ് പ്രൊട്ടക്റ്റ് ടീം അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന മുപ്പതോളം അംഗ സംഘം തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ എത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിലവിലെ സാഹചര്യം വിശദീകരിച്ചു.
സ്കൂളിലെ 1200ലധികം വിദ്യാർഥികളുടെയും സമീപ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെയും ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങൾ, പ്ലാന്റിൽ നിന്നുള്ള പുകയും ദുർഗന്ധവും മൂലം കുട്ടികൾക്കും വയോജനങ്ങൾക്കും രോഗികൾക്കും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സംഭവിക്കുന്ന തടസങ്ങൾ എന്നിവ സംഘാംഗങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തരമായി ആശയവിനിമയം നടത്തുകയും പരാതിയിൽ അടിയന്തര പരിശോധനയും ആവശ്യമായ നടപടികളും സ്വീകരിക്കണമെന്ന് നിർദേശം നൽകുകയും ചെയ്തതായി പ്രതിനിധി സംഘം അറിയിച്ചു.
കുട്ടികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും നിയമപരമായും പരിസ്ഥിതി മാനദണ്ഡങ്ങൾക്കനുസൃതമായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് വിഷയത്തിൽ വേഗത്തിലുള്ള നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും രക്ഷിതാക്കളും.
വിദ്യാർഥികളുടെ ആരോഗ്യവും വിദ്യാഭ്യാസ അവകാശവും സംരക്ഷിക്കുന്നതിനായി സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന വിശ്വാസമാണ് ജനങ്ങൾ പങ്കുവെയ്ക്കുന്നത്.