പത്തനംതിട്ട: റബര്‍ ടാപ്പിംഗ് മേഖലയിലെ തൊഴിലാളി ക്ഷാമം കാരണം ഉടമകള്‍ തന്നെ ടാപ്പിംഗ് ഏറ്റെടുക്കുന്നു. റബറിനു മെച്ചപ്പെട്ട വില ലഭിക്കുകയും തൊഴിലാളി ക്ഷാമം കാരണം ടാപ്പിംഗ് നടക്കാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് മരങ്ങള്‍ ടാപ്പ് ചെയ്യാനുള്ള പരിശീലന പരിപാടികളില്‍ ഉടമകളുടെ സാന്നിധ്യം കണ്ടത്.
റബര്‍ ബോര്‍ഡ് പത്തനംതിട്ട റീജണല്‍ ഓഫീസ്, ഇലന്തൂര്‍ റബര്‍ ഉത്പാദക സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ എട്ടുദിവസത്തെ ടാപ്പിംഗ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന 18 പേരില്‍ 16 പേരും റബര്‍ തോട്ടം ഉടമകളാണ്. സ്ത്രീകളും പരിശീലനം നേടാന്‍ എത്തിയിട്ടുണ്ട്. ചെറുകിട തോട്ടം കൈവശമുള്ള ഇവര്‍ക്ക് തൊഴിലാളികളെ ലഭിക്കാന്‍ ബുദ്ധിമുട്ടു നേരിട്ടുവരികയാണ്. വില ഇടിഞ്ഞതിനേ തുടര്‍ന്ന് നേരത്തെ ടാപ്പിംഗ് നിര്്ത്തിവച്ച തോട്ടങ്ങളാണിവ.
ആര്‍പിഎസ് പ്രസിഡന്റ് കെ.ജി. റെജിയുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റേച്ചല്‍ തോമസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
റബര്‍ ബോര്‍ഡ് അസിസ്റ്റന്റ് ഡവലപ്മെന്റ് ഓഫീസര്‍ സി.വി. ദീപ്തി മുഖ്യപ്രഭാഷണം നടത്തി. ഫീല്‍ഡ് ഓഫീസര്‍ അദ്രി, ആര്‍പിഎസ് വൈസ് പ്രസിഡന്റ് ബിജു പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു. റബര്‍ ബോര്‍ഡിന്റെ അംഗീകൃത വിദഗ്ധ പരിശീലകന് ശിവദാസന്‍ പരിശീലനത്തിന് നേതൃത്വം നല്കി. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് റബര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കും. എട്ടു ദിവസമാണ് പരിശീലന കാലയളവ്.