കൂത്താട്ടുകുളം: സുഹൃത്തുക്കളിൽനിന്നും പരിചയക്കാരിൽനിന്നും ഓരോ ആവശ്യങ്ങൾ പറഞ്ഞ് വാങ്ങിയ വാഹനങ്ങൾ തിരികെ നൽകാതെ പണയംവച്ചും വ്യാജരേഖകളുണ്ടാക്കി വിൽപന നടത്തിയും കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലിസ് പിടികൂടി. കിടങ്ങൂർ വെങ്ങപ്പള്ളിൽ സജൻ സാബുവിനെയാണ് കൂത്താട്ടുകുളം പൊലിസ് അറസ്റ്റ് ചെയ്തത്.
തിരുമാറാടി പഞ്ചായത്തിലെ ഒലിയപ്പുറത്ത് ഭാര്യാവീട്ടിലായിരുന്നു പ്രതി താമസിച്ചിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ സൗഹൃദം നടിച്ച് വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഇയാൾ പലരിൽനിന്ന് വാഹനങ്ങൾ കൈക്കലാക്കി. പിന്നീട് വാഹനങ്ങൾ തിരികെ നൽകാതെ ഒഴിഞ്ഞുമാറിയതോടെ തട്ടിപ്പിനിരയായവർ പൊലിസിനെ സമീപിക്കുകയായിരുന്നു. 40,000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ വാങ്ങിയാണ് ഇയാൾ വാഹനങ്ങൾ പണയം വച്ചതെന്ന് തട്ടിപ്പിന് ഇരയായവർ പറഞ്ഞു.
തട്ടിപ്പ് പുറത്തായതോടെ ഒളിവിൽപോയ പ്രതിക്കായി പൊലിസ് കർണാടകയിലും തെരച്ചിൽ നടത്തിയിരുന്നു. പരാതിക്കാരുടെ വാട്സ്ആപ്പ് കൂട്ടായ്മ വഴി ശേഖരിച്ച കണക്കുകൾ പ്രകാരം മുപ്പത്തിയഞ്ചിലധികം വാഹനങ്ങൾ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്.
വ്യാജ തിരിച്ചറിയൽ രേഖകളും ഡ്യൂപ്ലിക്കറ്റ് താക്കോലുകളും നിർമിച്ചാണ് വാഹനങ്ങൾ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച പ്രതിക്കെതിരേ കൂടുതൽ പരാതികൾ ലഭിക്കാനിടയുണ്ടെന്ന് പൊലിസ് അറിയിച്ചു.