പാലക്കാട്: വണ്ടിത്താവളത്ത് അഞ്ചാം ക്ലാസുകാരനായ പട്ടികജാതി വിദ്യാർഥിക്ക് പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമർദനം. വണ്ടിത്താവളം കെകഐം എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥിക്കാണു മർദനമേറ്റത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുട്ടി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു സംഭവം. സ്നാക്സ് ബ്രേക്കിനിടെ മറ്റൊരു വിദ്യാർഥിക്കൊപ്പം കുട്ടി സമീപത്തെ കടയിലേക്കുപോയിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന വിദ്യാർഥി കടയുടെ മുകളിലേക്കു കല്ലെറിഞ്ഞു. കല്ല് മറ്റൊരാളുടെ ദേഹത്തു തട്ടിയതു ചോദ്യംചെയ്താണ് അഞ്ചാം ക്ലാസുകാരനെ ആക്രമിച്ചതെന്നാണു കുടുംബത്തിന്റെ ആരോപണം.
മൂന്ന് പ്ലസ്ടു വിദ്യാർഥികൾ ചേർന്നാണു കുട്ടിയെ മർദിച്ചതെന്നാണു പരാതി. അതിക്രൂരമായാണു മർദിച്ചതെന്നും കുടുംബം ആരോപിച്ചു. പരിക്കേറ്റ കുട്ടിയെ ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നു കുടുംബം ആരോപിച്ചു. കേസ് എടുക്കുന്നതിനുപകരം പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം.