കൊച്ചി: ബോഡി ബില്‍ഡിംഗ്, ശരീരസൗന്ദര്യ മത്സരങ്ങളിലെ രണ്ടു ലോക ചാമ്പ്യന്മാര്ക്ക് ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍മാരായി നേരിട്ടു നിയമനം നല്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന നിവേദനത്തില്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുവരുടെയും നിയമനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ.എം. ഷാജഹാന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
അഡീ. ചീഫ് സെക്രട്ടറിക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കും പിന്നീട് വിജിലന്‍സ ഡയറക്ടര്‍ക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ഹര്‍ജി വീണ്ടും17 ന് പരിഗണിക്കാന്‍ മാറ്റി.
ഉന്നത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെയടക്കം അറിവോടെയാണു ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മറ്റും മറികടന്ന് ഇരുവര്‍ക്കും നിയമനം നല്‍കിയതെന്നാണ് ഹര്‍ജിയിലെ ആരോപണം. പിഎസ്സി വഴിയാണു നിയമനം നല്‍കേണ്ടതെന്നിരിക്കെ നേരിട്ടു നിയമനം നല്കിയ കഴിഞ്ഞ സര്‍ക്കാരിന്റെ നടപടി ചട്ട വിരുദ്ധവും രാഷ്ട്രീയതാത്പര്യത്തോടെയുള്ളതുമാണെന്നും നിയമനം റദ്ദാക്കണമെന്നടക്കം ആവശ്യപ്പെട്ടാണു ഹര്‍ജി.