തലശേരി: മൊബൈൽ ഫോൺ പിതാവ് പിടിച്ചുവച്ചതിനെത്തുടർന്ന് വീടു വിട്ടിറങ്ങിയ ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥിയെ കണ്ടെത്താനായി പോലീസ്് കാശിയിലേക്ക്. താൻ കാശിയിലേക്ക് പോകുന്നുവെന്ന് കുട്ടി എഴുതി വച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കാശിയിലേക്കും വ്യാപിപ്പിച്ചത്. കരിയാട് പുളിയനാന്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിന്റെ മകൻ ശിവസൂര്യയ്ക്കായാണ് അന്വേഷണം ഊർജിതമാക്കിയത്. അതിനിടെ വിദ്യാർഥിയെ കാണാതായ സംഭവത്തിൽ ദുരൂഹതയും ഉയരുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് പ്രദേശത്തെയും സമീപസ്ഥലങ്ങളിലെയും നൂറിലേറെ കേന്ദ്രങ്ങളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്തിയെങ്കിലും ഒരു ദൃശ്യത്തിലും വിദ്യാർഥിയെ കണ്ടെത്താനായിട്ടില്ല. ചൊക്ലി പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ തലശേരി എഎസ്പി ഡോ. നന്ദഗോപന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ഡോ. നന്ദഗോപനെ കൂടാതെ ചൊക്ലി എസ്ഐ ആർ. രാഗേഷ്, ഗ്രേഡ് എസ്ഐ ഷംജിത്ത്, ചൊക്ലി, ന്യൂമാഹി, തലശേരി, ധർമടം സ്റ്റേഷനുകളിലെ സിപിഒമാരായ പി.കെ. അഖിൽ, കെ.സി. ഹിരൺ, എൻ.വി. ശ്രീലാൽ, വി.പി. സായൂജ്, സി. രതീഷ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങൾ.
കഴിഞ്ഞ എട്ടു മുതലാണ് ശിവസൂര്യയെ കാണാതായത്. ‘ഞാൻ കാശിയിലേക്ക് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നെഴുതി വച്ച കുറിപ്പ് പഠന മേശയിൽ നിന്ന് കണ്ടെത്തിയിരുന്നു.കുട്ടിയെ കണ്ടെത്താൻ പാലക്കാട്, ബംഗളൂരു നഗരങ്ങളിൽ പൊലിസ് തിരച്ചിൽ നടത്തുകയും വിവിധ ഭാഷകളിൽ കുട്ടിയുടെ ചിത്രം അടങ്ങിയ നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.