കൊച്ചി: ഓപ്പറേഷന്‍ സ്റ്റീല്‍ ബേർഡിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്നു മാസത്തിനിടെ 22 ഗുണ്ടകളെ അറസ്റ്റ് ചെയ്തതായി എറണാകുളം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്‍. ഗുണ്ടാ ഗാംഗ് ലീഡേഴ്‌സിനെയും മോഷ്ടാക്കളെയും അടക്കം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇവരുടെ ജാമ്യം റദ്ദാക്കുമെന്നും എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗുണ്ടകള്‍ക്കെതിരേ കഴിഞ്ഞ മാര്‍ച്ച് മാസം തൊട്ട് ഓപ്പറേഷന്‍ സ്റ്റീല്‍ ബേര്‍ഡ് എന്ന നടപടിക്ക് രൂപം കൊടുക്കുകയുണ്ടായി. അതിന്‍റെ അടിസ്ഥാനത്തില്‍ 22 ഓളം ഗുണ്ടകളെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അറസ്റ്റ് ചെയ്തു. ആദ്യം അങ്കമാലിയില്‍ വെച്ച് കോമ്പാക്ട് വിനോദ്, സുലൈമാന്‍ എന്നീ രണ്ട് ഗാംഗ് ലീഡേഴ്‌സിനെ അറസ്റ്റ് ചെയ്തു.
കോതമംഗലത്ത് അര്‍ജുന്‍ ആയങ്കിയെയും ആറു പേരെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ വെച്ച് മരട് അനീഷിനെയും ടീമിനെയും അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി അങ്കമാലിയില്‍ വച്ച് മറ്റൊരു ഗുണ്ടാനേതാവായ നിതിനെയും ടീമിനെയും അടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു. എല്ലാവരും ഹാര്‍ഡ്‌കോര്‍ ക്രിമിനല്‍സ് ആണ്.
നിതിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത സമയത്ത് 23-ാം തീയതി പാലക്കാട് ആലത്തൂര്‍ പോലീസ് സ്റ്റേഷന്‍ ലിമിറ്റില്‍ ഒരു ഹൈവേ റോബറി നടത്തി രക്ഷപ്പെട്ട് വരികയായിരുന്നു. ആയുധങ്ങള്‍ അടക്കം ആ ടീമിനെ പിടിച്ച് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി.
തുടര്‍ന്നും ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. ഈ അറസ്റ്റ് ചെയ്ത മുഴുവന്‍ ആളുകളുടെ പേരിലും ഗുണ്ട ആക്ട് അനുസരിച്ചും അതുപോലെ തന്നെ മുമ്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ടുള്ള കേസുകളിലെല്ലാം ജാമ്യം റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും എന്ന് റൂറല്‍ എസ്പി വ്യക്തമാക്കി.